
കോട്ടയം: വഖഫ് ഭീകരതയെ തുറന്നുകാട്ടി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജനജാഗരണ പരിപാടികളുടെ ഭാഗമായി അതിര് കടക്കുന്ന വഖഫ് അധിനിവേശം എന്ന വിഷയത്തിൽ കോട്ടയത്ത് സെമിനാർ സംഘടിപ്പിക്കും. ഡിസംബർ 8 ഞായറാഴ്ച 3 മണിക്ക് കോട്ടയം എൻഎസ്എസ് യൂണിയൻ ഹാളിലാണ് സെമിനാർ. രാജ്യത്തെ നിയമ സംവിധാനങ്ങളെയും, ഭരണഘടനയെയും വെല്ലുവിളിക്കുകയാണ് വഖഫ് ബോർഡ്.
ഏതൊരു ഭൂമിയിലും വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചാൽ അതിനുമേൽ രാജ്യത്തെ കോടതികളിൽ പോലും ചോദ്യം ചെയ്യാൻ സാധിക്കില്ല എന്നത് ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാൻ സാധ്യമല്ല. രാജ്യത്തെ പൊതുനിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഏതൊക്കെ രേഖകൾ കൈവശമുണ്ടെങ്കിലും തങ്ങൾക്ക് ബാധകമല്ല എന്നതാണ് വഖഫ് നീതി.
അപ്പീൽ നൽകാനുള്ള അവകാശവും വഖഫ് ട്രൈബൂണലിൽ ആണ് എന്നുള്ളത് നീതി നിഷേധമാണ് തികച്ചും അന്യായവും ഭരണഘടന വിരുദ്ധവും മതസ്‌പർദ്ധ വളർത്തുകയും ചെയ്യുന്ന വഖഫ് നിയമം റദ്ദ് ചെയ്‌ത് പുതിയ നിയമം രൂപീകരിക്കണമെന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നത്. വഖഫ് കരിനിയമത്തെകുറിച്ച് ജനകീയ ബോധവൽക്കരണം ഉദ്ദേശിച്ചാണ് പഞ്ചായത്ത് തല യോഗങ്ങളും സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സെമിനാർ ഡോ. സി.ഐ. ഐസക് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ആർ.വി. ബാബു, വക്താവ് ഇ.എസ്. ബിജു, ബിജെപി സംസ്‌ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ്, സാമുഹ്യ നിരീക്ഷകൻ ഡോ. ആരിഫ് ഹുസൈൻ, സൺ ഇന്ത്യ വൈസ് പ്രസിഡന്‍റ് അഡ്വ. തോമസ് മാത്യു, അഭിഭാഷക പരിഷത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ശങ്കർ റാം എന്നിവർ വിഷയാവതരണം നടത്തും.
വാർത്താ സമ്മേളനത്തിൽ സംസ്‌ഥാന വൈസ് പ്രസിഡന്‍റ് പ്രൊഫ. റ്റി. ഹരിലാൽ, സംഘടനാ സെക്രട്ടറി സി.ഡി. മുരളീധരൻ, സഹ സംഘടനാ സെക്രട്ടറി ആർ. ജയചന്ദ്രൻ, താലൂക്ക് ജന. സെക്രട്ടറി അനീഷ് എൻ. പിള്ള, സംസ്‌ഥാന സമിതി അംഗം ബിന്ദു മോഹൻ, ജില്ലാ ജന. സെക്രട്ടറി സി. കൃഷ്‌ണകുമാർ എന്നിവർ പങ്കെടുത്തു.