
ക്ഷേത്രപരിസരത്ത് രണ്ടു വനിതാ പൊലീസുകാരെ ആക്രമിച്ചു; വാർഡ് കൗൺസിലർക്കെതിരേ കേസ്
തിരുവനന്തപുരം: ക്ഷേത്രപരിസരത്ത് രണ്ടു വനിതാ പൊലീസുകാരെ ആക്രമിച്ച് പരുക്കേൽപ്പിച്ചതിന് വാർഡ് കൗൺസിലർക്കെതിരേ കേസെടുത്തു. ആറ്റുകാൽ ക്ഷേത്രപരിസരത്ത് ശനിയാഴ്ച പതിനൊന്നരയോടെയായിരുന്നു സംഭവം. വാർഡ് കൗൺസിലറും ഡിവൈഎഫ്ഐ നേതാവുമായ ആർ. ഉണ്ണികൃഷ്ണനെതിരേയാണ് ഫോർട്ട് പൊലീസ് കേസെടുത്തിരിക്കുന്നത്.
ക്ഷേത്രത്തിൽ തെരക്കുള്ള സമയത്ത് വരിനിൽക്കാതെ തന്‍റെ ഇഷ്ടപ്രകാരമുള്ള ആളുകളെ കടത്തിവിടാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്. ഇത്തരത്തിൽ ആളുകളെ കടത്തിവിടാൻ ശ്രമിക്കുന്നതിനിടെ കൗൺസിലറോട് അൽപ്പ നേരം കാത്തുനിൽക്കാൻ എസ്ഐ ആവശ‍്യപ്പെട്ടു.
ക്ഷുഭിതനായ കൗൺസിലർ അസഭ‍്യം പറഞ്ഞ് തള്ളിക്കയറാൻ ശ്രമിക്കുകയും ഇതിനിടെ കാവൽ ഡ‍്യൂട്ടി നിന്നിരുന്ന വനിതാ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി.
സാരമായി പരുക്കേറ്റ വനിതാ സിപിഒ അശ്വനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ സിപിഒ ജോതിക്കും പരുക്കേറ്റിട്ടുണ്ട്.