

കോട്ടയം: വെള്ളക്കരം വർധിപ്പിച്ചിട്ടും ജലവിതരണം സുഗമമാക്കാനുള്ള അറ്റകുറ്റപണികൾ നടത്തുന്ന കരാറുകാർക്ക് 19 മാസങ്ങളിലെ പണം കുടിശികയാണ്. ഈ സാഹചര്യത്തിൽ വാട്ടർ അഥോറിറ്റിയുടെ നടത്തിപ്പിനെക്കുറിച്ച് സംസ്ഥാന സർക്കാർ സമഗ്രമായി പഠിക്കുകയും ഒരു ധവളപത്രം പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് കേരള വാട്ടർ അഥോറിറ്റി കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
എല്ലാ ഗ്രാമീണ ഭവനങ്ങളിലും 2024 ന് മുൻപ് പൈപ്പ് മുഖേന കുടിവെള്ളം എത്തിക്കാനുള്ള ജൽ ജീവൻ പദ്ധതി നടത്തിപ്പിൽ കേരളം അഖിലേന്താടിസ്ഥാനത്തിൽ 26-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ചെറുകിട - ഇടത്തരം കരാറുകാരെ ഒഴിവാക്കാൻ ശ്രമിച്ചതും 2018ലെ നിരക്കുകളിൽ തന്നെ അടങ്കലുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതുമാണ് ജൽജീവൻ പദ്ധതിയിൽ കേരളം ഏറെ പിന്തള്ളപ്പെട്ടത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസ വേതനം നൽകുന്ന സംസ്ഥാനമായ കേരളത്തിൽ 2018ലെ നിരക്കുകളിൽ പണിയെടുക്കാൻ ഒരു തൊഴിലാളിയേയും ലഭിക്കില്ല. പൈപ്പുകളുൾപ്പെടെയുള്ള നിർമാണ വസ്തുക്കളുടെ വിലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. 2024ന് മുൻപ് കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തണമെങ്കിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്നും കരാറുകാർ ആവശ്യപ്പെട്ടു.
2024 ലെ ഡി.എസ്.ആർ നിരക്കുകളിൽ, ചെറുകിട - ഇടത്തരക്കാരായ കേരള കരാറുകാർക്ക് ഏറ്റെടുക്കാൻ കഴിയും വിധം ടെണ്ടറുകൾ വിളിക്കണം. എഞ്ചിനീയറന്മാർക്ക് പരിശീലനം നൽകണം. പൈപ്പുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ഇപ്പോൾ ഒരു ഏജൻസി മാത്രമാണുള്ളത്. കാലതാമസം ഒഴിവാക്കാൻ വിശ്വാസ്യതയുള്ള കൂടുതൽ ഏജൻസികളെ ഏർപ്പെടുത്തണം. അറ്റകുറ്റപണികൾ അപ്പപ്പോൾ പൂർത്തീകരിക്കപ്പെടണമെങ്കിൽ, 19 മാസത്തെ കുടിശിക ഉടനെ നൽകണം. വർധിപ്പിച്ച വെള്ളക്കരത്തിൽ നിന്നും പ്രതിമാസം 10 കോടി രൂപയെങ്കിലും അറ്റകുറ്റപണികൾക്കായി മാറ്റിവയ്ക്കണം. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കണം.
കുപ്പിവെള്ള വിതരണത്തിനും വാട്ടർ അഥോറിറ്റി മുന്നോട്ടു വരണം. ലൈസൻസുകൾ പുതുക്കുന്നതിനുള്ള പൊതുമരാമത്ത് വകുപ്പ് ഉത്തരവ് വാട്ടർ അഥോറിറ്റിയിലും നടപ്പാക്കുക, ജി.എസ്.ടി വർധന മൂലം കരാറുകാർക്കുണ്ടായ നഷ്ടങ്ങൾ നികത്തുക തുടങ്ങിയ ആവശ്യങ്ങളും കരാറുകാർ ഉന്നയിച്ചു. കേരള ഗവ. കോൺട്രാക്‌റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, ജനറൽ സെക്രട്ടറി ജോസഫ് ജോൺ, വൈസ് പ്രസിഡന്റ് മാത്യു കുഞ്ഞു മാത്യു, ട്രഷറർ ശ്രീജിത്ത് ലാൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.