

മത്സ്യത്തൊഴിലാളികൾക്ക് ആശാ കേന്ദ്രമായി ഗോവയിലെ വാട്ടർ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട്
എം.ആർ.സി. പണിക്കർ
പനാജി: 2018ലെ മഹാപ്രളയത്തിനു ശേഷം കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ആശാകേന്ദ്രമാണ് ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്പോർട്സ്. തുടർച്ചയായ രണ്ടു പ്രളയകാലത്തും മറ്റുള്ളവരുടെ പ്രാണൻ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും ഏറെ കഷ്ടപ്പെടേണ്ടി വന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികൾ. പരമ്പരാഗത അറിവുകൾ മാത്രമാണ് അവർക്കു കൈമുതൽ. ആ സമൂഹത്തിന് ഇന്നൊരു സുപ്രധാന പരിശീലന കേന്ദ്രമാണ് ഈ ബൃഹദ് സ്ഥാപനം.
ഏതു മോശമായ കാലാവസ്ഥയിലും കടലിൽ നിന്നും പ്രളയജലത്തിൽ നിന്നുമൊക്കെ രക്ഷപ്പെടാനും രക്ഷപ്പെടുത്താനുമുള്ള ഏറ്റവും മികച്ച പരിശീലനമാണ് ഇവിടെ നൽകുന്നത്. കേരള ഫിഷറീസ് വകുപ്പ് തെരഞ്ഞെടുക്കുന്ന 34 പേരടങ്ങുന്നതാണ് ഒരു ബാച്ച്. 24ാമത്തെ ബാച്ചാണ് ഇപ്പോൾ ഇവിടെ പരിശീലനം നടത്തുന്നത്.
സ്റ്റൈപ്പന്‍റായി പ്രതിദിനം 700 രൂപയാണ് ഇവർക്ക് വകുപ്പ് കൊടുക്കുന്നത്. എന്നാൽ, കോഴ്സ് തീർന്നാലും പണം കിട്ടുന്നതു വൈകുമെന്നു പരിശീലനത്തിലുള്ള തൊഴിലാളികൾ പറയുന്നു. കേരളത്തിൽ നിന്ന് ഇതുവരെ ഏകദേശം 900 പേർ പരിശീലനം നേടിക്കഴിഞ്ഞു.
ഈ ഇൻസ്റ്റിറ്റ്യൂട്ട് മറ്റു വിവിധ കോഴ്സുകളും നടത്തുന്നുണ്ട്. വാട്ടർ സ്പോർട്സ് രംഗത്ത് ഇൻസ്റ്റിറ്റ്യൂട്ടിനു മികച്ച നേട്ടങ്ങൾ കൈവരിക്കാനായതായി നോഡൽ ഓഫിസർ പവൻ കുമാർ ഗുപ്ത കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
സമുദ്രത്തിലുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പരി ശീലനമടക്കമുള്ള കോഴ്സുകളും ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ ബിരുദ ബിരുദാനന്തര കോഴ്സുകളും ഇവിടെ ലഭ്യമാണ്. കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) നേതൃത്വത്തിലാണ് മാധ്യമ പ്രതിനിധി സംഘം ഗോവയിലെ വിവിധ കേന്ദ്രങ്ങളിൽ പഠന പര്യടനം നടത്തിവരുന്നത്.