പ്രേതഭൂമിയായി മുണ്ടക്കൈയും ചൂരൽമലയും

സൂചിപ്പാറ വെള്ളച്ചാട്ടം, വെള്ളോലിപ്പാറ, സീത തടാകം തുടങ്ങിയവയെല്ലാം സമ്മാനിക്കുന്ന കാഴ്ചകളുമുണ്ടായിരുന്നു
പ്രേതഭൂമിയായി മുണ്ടക്കൈയും ചൂരൽമലയും
പ്രേതഭൂമിയായി മുണ്ടക്കൈയും ചൂരൽമലയും
Updated on

വയനാട്: ചരിഞ്ഞുവീണ കെട്ടിടങ്ങൾ, ചെളി നിറഞ്ഞ കുഴികൾ, ഭൂമിയിലാകെ വിള്ളലുകൾ, ചിതറിക്കിടക്കുന്ന കൂറ്റൻ പാറകൾ...രണ്ടു ദിവസം മുൻപുവരെ നാട്ടുകാരും സഞ്ചാരികളും തടിച്ചുകൂടിയ മുണ്ടക്കൈ ജംക്‌ഷനും ചൂരൽമല ടൗണും ഉരുൾ ബാക്കിവച്ച അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുന്നു. മനുഷ്യവാസത്തിന് അനുയോജ്യമായി ഇനിയവിടെ ഒന്നും അവശേഷിക്കുന്നില്ല. ഉരുൾപൊട്ടലിൽ നദി ഗതിമാറി ഒഴുകിയപ്പോൾ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പ്രധാന ജംക്‌ഷനുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം ഒലിച്ചുപോയി.

വാരാന്ത്യങ്ങളിൽ വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു രണ്ടു ഗ്രാമങ്ങളും. സൂചിപ്പാറ വെള്ളച്ചാട്ടം, വെള്ളോലിപ്പാറ, സീത തടാകം തുടങ്ങിയവയെല്ലാം സമ്മാനിക്കുന്ന കാഴ്ചകളുമുണ്ടായിരുന്നു. ഇന്നവിടെയെല്ലാം ചെളിയും പാറകളും. മണ്ണിന്‍റെ നിറമുള്ള വെള്ളമൊഴുകുന്നു.

തിരക്കേറിയ വ്യാപാരകേന്ദ്രമായിരുന്ന ജംക്ഷനുകളിൽ ഇന്ന് ജീവൻ തിരികെക്കിട്ടിയവർ ഉറ്റവരെ തേടി പരിഭ്രാന്തരായി അലയുന്നു. ഇടിഞ്ഞുവീണ കെട്ടിടങ്ങൾക്കുള്ളിൽ മനുഷ്യസാന്നിധ്യമുണ്ടോ എന്നു രക്ഷാപ്രവർത്തകർ പരിശോധിക്കുന്നു. ""ഞങ്ങൾക്കെല്ലാം നഷ്ടപ്പെട്ടു. വീട്ടുകാരെ, നാട്ടുകാരെ. ഒന്നുമില്ലാത്തവരായി ഞങ്ങൾ''- മുണ്ടക്കൈയിൽ രക്ഷാപ്രവർത്തകരുടെ തോളിൽപ്പിടിച്ച് ഒരു വയോധികന്‍റെ വിലാപം. തൊട്ടടുത്ത് തകർന്ന കെട്ടിടങ്ങളും ചെളിയിൽ മൂടിയ വാഹനങ്ങളും...

"" വയനാടിന്‍റെ ഭൂപടത്തിൽ നിന്നു മുണ്ടക്കൈ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ഇവിടെ ചെളിയും പാറകളുമല്ലാതൊന്നുമില്ല. ചവിട്ടിയാൽ കാല് താഴ്ന്നുപോകുന്ന ഈ ചെളിയിൽ നടക്കാൻ പോലും കഴിയില്ല. പിന്നെങ്ങനെ ചെളിയിൽ താഴ്ന്നുപോയവരെ തെരയും''- രക്ഷാപ്രവർത്തകർക്കൊപ്പമുണ്ടായിരുന്ന ഒരു നാട്ടുകാരൻ ചോദിച്ചു.

450-500 വീടുകളുണ്ടായിരുന്ന ഗ്രാമാണു മുണ്ടക്കൈ. ഇപ്പോൾ അവശേഷിക്കുന്നത് 50ൽ താഴെ വീടുകൾ. മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ എന്നിവിടങ്ങളെല്ലാം പൂർണമായി തകർന്നു. എന്നും കാണുന്ന ജംക്ഷനായിരുന്നെങ്കിലും ഉരുൾ വിഴുങ്ങിയശേഷം ഇവിടെയെത്തുമ്പോൾ ഒന്നും മനസിലാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com