കൽപറ്റ: വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കണ്ടെടുത്ത തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടേയും കണ്ടെടുത്ത ശരീരഭാഗങ്ങളുടേയും ഡിഎന്‍എ പരിശോധനാ ഫലങ്ങൾ ലഭിച്ചു തുടങ്ങിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഡിഎന്‍എ ഫലങ്ങള്‍ പരസ്യപ്പെടുത്തിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഞായറാഴ്ച നടന്ന ജനകീയ തിരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങള്‍ ലഭിച്ചു. പരപ്പന്‍പാറയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ മൂന്ന് ഭാഗങ്ങളും പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്കായി അയച്ചു. ഇവ മനുഷ്യന്‍റേതുതന്നെ ആണോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ അറിയാന്‍ കഴിയൂ. അട്ടമലയില്‍നിന്ന് എല്ലിന്‍കഷ്ണവും കിട്ടിയിട്ടുണ്ട്. ഇതും മനുഷ്യന്‍റേതാണോ എന്ന് ഉറപ്പില്ല. ഉരുള്‍പൊട്ടലുണ്ടാകുന്നതിന് മുമ്പുണ്ടായിരുന്നതാണോ ഇത് എന്ന സംശയവുമുണ്ട്. വിശദപരിശോധനയ്ക്കുശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. രണ്ടായിരത്തോളം പേരാണ് ഞായറാഴ്ച തിരച്ചിലില്‍ പങ്കെടുത്തത്. മഴ പെയ്തതിനെ തുടര്‍ന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.
ഉരുൾപ്പൊട്ടൽ നടന്ന മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്‍റ് ജോസഫ് യുപി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ഇന്ന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭരണ കൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
താത്കാലിക പുനരധിവാസത്തിന് 253 വാടക വീടുകൾ
വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലയിലെ പ്രകൃതിദുരന്തത്തിനിരയായി ക്യാംപുകളിൽ കഴിയുന്നവരുടെ താത്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകൾ കണ്ടെത്തി. നൂറോളം വീടുകൾക്ക് പലരും സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.
ക്യാംപുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും താതികാലിക പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക. ഇതിനായി 14 ക്യാംപുകളിലായി 18 സംഘങ്ങൾ സർവെ നടത്തുന്നുണ്ട്. ഏതു പഞ്ചായത്തിൽ താമസിക്കണമെന്നതു ക്യാംപിൽ കഴിയുന്നവർക്കു തെരഞ്ഞെടുക്കാം. ദുരന്തത്തെത്തുടർന്ന് ബന്ധുക്കൾ ആരുമില്ലാതെ ഒറ്റയ്ക്കായി പോയവരെ തനിച്ചു താമസിപ്പിക്കില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥനെ രക്ഷകർത്താവായി നിയോഗിച്ചുകൊണ്ടായിരിക്കും ഇവരുടെ പുനരധിവാസം.
വാടക വീടുകളിലേക്കു മാറുമ്പോൾ ഫർണിച്ചർ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യ കിറ്റ് സജ്ജമാക്കും. എന്തെല്ലാം ഇതിൽ ഉൾപ്പെടുമെന്ന് ആളുകളെ അറിയിക്കും. ഇന്നലെ നടന്ന ജനകീയ തെരച്ചലിൽ സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും ക്യാംപിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം 2,000 പേർ പങ്കെടുത്തു.
തെരച്ചിലിൽ കാന്തൻപാറ വനത്തിനുള്ളിൽ നിന്നു 3 ശരീരഭാഗങ്ങൾ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മനുഷ്യ ശരീരമാണോ എന്നു വ്യക്തമാകൂ. അട്ടമലയിൽ നിന്ന് അസ്ഥി കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്‍റേതാണോ ഇപ്പോഴുണ്ടായ ദുരന്തത്തിന്‍റെ ഭാഗമാണോ എന്നു പരിശോധിക്കും. ഇതുവരെ 229 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ കൂടി തിരിച്ചറിയാനുണ്ട്. ശരീരഭാഗങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന ഉടൻ പൂർത്തിയാകും.
രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തുവെന്നാണ് വിവിധ സേനാ വിഭാഗങ്ങൾ അറിയിച്ചിട്ടുള്ളതെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കലക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ കലക്റ്റർ ഡി.ആർ. മേഘ്രശീയും പങ്കെടുത്തു.