വയനാട് ഉരുള്‍പൊട്ടല്‍; കാണാതായവരുടെ ആദ്യ കരട് പട്ടികയിൽ 138 പേർ

കാണാതായവരുടെ പേര്, റേഷന്‍കാര്‍ഡ് നമ്പര്‍, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തി
wayanad landslide draft list of missing persons published
വയനാട് ഉരുൾപൊട്ടൽ
Updated on

കല്പറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ 138 പേരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി കരട് പട്ടിക പ്രസിദ്ധീകരിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടിക തുടങ്ങിയ രേഖകള്‍ ഇതിനായി പരിശോധിച്ചു.

ഗ്രാമപഞ്ചായത്ത്, ഐസിഡിഎസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ലേബര്‍ ഓഫീസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ കൈവശമുള്ള ആധികാരിക രേഖകളുമായി ഒത്തുനോക്കിയ ശേഷമാണ് കാണാതായവരുടെ പട്ടിക തയ്യാറാക്കിയത്. വോട്ടര്‍പട്ടികയിലെയും റേഷന്‍ കാര്‍ഡുകളിലെയും ആളുകളില്‍ നിന്ന് നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും ആശുപത്രികളിലും മറ്റും കഴിയുന്നവരുടെയും മരണം സ്ഥിരീകരിക്കപ്പെട്ടവരുടെയും പേരുകള്‍ നീക്കം ചെയ്ത ശേഷം കാണാതായവരുടെ പട്ടിക തയ്യാറാക്കുകയായിരുന്നു.

കാണാതായവരുടെ പേര്, റേഷന്‍കാര്‍ഡ് നമ്പര്‍, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ആദ്യ കരട് പട്ടികയാണിത്. ജനങ്ങള്‍ക്ക് ഈ കരട് പട്ടിക പരിശോധിച്ച് അതില്‍ ഉല്‍പ്പെട്ടവരെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത് ജില്ലാ ഭരണകൂടത്തെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളെ കണ്ടെത്താന്‍ ശ്രമിക്കും. വിവരം ലഭിക്കുന്ന മുറയ്ക്ക് പട്ടികയില്‍ നിന്ന് അവരുടെ പേരുകള്‍ ഒഴിവാക്കും. നിലവിലെ പട്ടികയില്‍ പെടാത്ത ആരെയെങ്കിലും കാണാതായതായി അറിയിപ്പ് ലഭിച്ചാല്‍ ആവശ്യമായ പരിശോധനകള്‍ക്കു ശേഷം അവരുടെ പേരുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് പട്ടിക പരിഷ്ക്കരിക്കാനാണ് തീരുമാനം.

ജില്ലാ ഭരണകൂടത്തിന്‍റെ https://wayanad.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലും ജില്ലാ കലക്റ്റര്‍ തുടങ്ങിയവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും കലക്റ്ററേറ്റിലെയും മറ്റും നോട്ടീസ് ബോര്‍ഡുകളിലും കരട് പട്ടിക ലഭ്യമാകും. പട്ടിക പരിഷ്കരിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് 8078409770 എന്ന ഫോണ്‍ നമ്പറില്‍ വിവരങ്ങള്‍ അറിയിക്കാം.

Trending

No stories found.

Latest News

No stories found.