കൽപ്പറ്റ: സൺറൈസ് വാലിയിൽ പ്രദേശവാസികളായ രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിനിടെ ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്തു. മൂന്ന് മൃതദേഹങ്ങളും ഒരു മൃതദേഹ ഭാഗവും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ അഴുകിയ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനുള്ള ശ്രമങ്ങളാകും നടത്തുക. ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. തിങ്കളാഴ്ച മൃതദേഹങ്ങൾ സംസ്കരിക്കും.
രക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കാന്തൻപാറയും സൂചിപ്പാറയും ചേരുന്ന ആനക്കാപ്പ് എന്ന സ്ഥലത്തു നിന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. നാലു പൂർണ ശരീരങ്ങളും ഒരു മൃതദേഹത്തിന്‍റെ കാൽ വേർപെട്ട് മരത്തിൽ കുടുങ്ങിയ നിലയിലുമാണു കണ്ടെത്തിയത്. ചെറിയ ദൂരത്തിനിടയിലാണ് നാല് മൃതദേഹവും കണ്ടെത്തിയത്. 11 ദിവസത്തിനു ശേഷം കണ്ടെത്തിയ മൃതദേഹങ്ങൾ ജീർണിച്ചിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധമാണെന്ന് ദൗത്യസംഘം അറിയിച്ചു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയേക്കാമെന്ന നിഗമനത്തിൽ തിരച്ചിൽ കൂടുതൽ സജീവമാക്കി. കോട നിറഞ്ഞ വനമേഖലയായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിനും എയർലിഫ്റ്റിങ്ങിനും തടസം നേരിട്ടിരുന്നു. ചെങ്കുത്തായ വനമേഖലയിലൂടെ മൃതദേഹങ്ങൾ പുറത്തേക്ക് എത്തിക്കുന്നത് ദുഷ്കരമായിരുന്നു. മൃതദേഹം അഴുകിയതിനാൽ പിപിഇ കിറ്റ് ഇല്ലാതെ കൊണ്ടുപോകുന്നത് പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്.