
പിണറായി വിജയൻ
കൽപറ്റ: ജൂലൈ 30ന് വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ മേഖലയിലുണ്ടായ പ്രകൃതിദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഏക്കറിൽ നിർമിക്കുന്ന ടൗൺഷിപ്പിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ജനം ഒപ്പം നിൽക്കുമെങ്കിൽ ഒന്നും അസാധ്യമല്ല. ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല. എന്തിനെയും അതിജീവിക്കും. അതാണ് ഈ പുനരധിവാസം നൽകുന്ന സന്ദേശം. വലിയൊരു ജീവകാരുണ്യമാണ് ഫലവത്താക്കുന്നത്. അവിടെ പ്രധാന സ്രോതസായി പ്രതീക്ഷിച്ചത് കേന്ദ്ര സഹായമാണ്.
കിട്ടിയത് വായ്പാ രൂപത്തിലുള്ള തീർത്തും അപര്യാപ്തമായ തുക. കേന്ദ്ര സഹായത്തിന്‍റെ അഭാവത്തിലും പുനരധിവാസവുമായി മുന്നോട്ടുപോയി. ഹൈക്കോടതിയും നമ്മോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകുന്നുണ്ട്- അദ്ദേഹം പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കൊടുത്തയച്ച കത്തിൽ 100 വീടുകൾ നിർമിക്കുന്നതിന് 20 കോടി രൂപ അനുവദിച്ചതായി അറിയിച്ചു. ഡിവൈഎഫ്ഐ 100 വീടിനുള്ള പണം കൈമാറി.
സ്കൂൾ വിദ്യാർഥികളുടെ എൻഎസ്എസ് 10 കോടി രൂപ നൽകി. ടൗൺഷിപ്പ് എന്ന ആശയം വന്നപ്പോൾ എല്ലാവരും അതുമായി സഹകരിക്കാൻ തയാറായി. കുടുക്ക പൊട്ടിച്ചു ചില്ലറത്തുട്ടുകൾ തന്ന കുട്ടികൾ വരെയുണ്ട്.
ദുരന്തമുണ്ടായപ്പോൾ സർക്കാർ ഇവിടം തന്നെ ആസ്ഥാനമാക്കി പ്രവർത്തിച്ചു. അതേ തരത്തിലുള്ള അസാധാരണ ഇടപെടലുകളാണ് പുനരധിവാസത്തിനും നടപ്പാക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു. 26 കോടി രൂപ കോടതിയിൽ കെട്ടിവച്ചാണ് എൽസ്റ്റൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തത്. 7 സെന്‍റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് ഒറ്റനില വീടുകള്‍ നിര്‍മിക്കുന്നത്.
ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട 242 പേരിൽ ടൗണ്‍ ഷിപ്പില്‍ വീടിനായി 175 പേരും രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട 69 പേരും സമ്മതപത്രം നൽകിയിട്ടുണ്ട്. ആദ്യ മാതൃകാ വീടിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു. സ്പോൺസർഷിപ്പിനുള്ള പോർട്ടലും അദ്ദേഹം ലോഞ്ച് ചെയ്തു. ജൂലൈ 30ന് ദുരന്തമുണ്ടായതു മുതൽ ജാതിമത വ്യത്യാസമില്ലാതെ ഒരുമിച്ചു നിന്നുവെന്ന് അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു.
കോടതി വ്യവഹാരങ്ങളിലേക്ക് പോയില്ലായിരുന്നെങ്കിൽ വീടുകളുടെ നിർമാണം പകുതിയെങ്കിലും പൂർത്തിയാക്കാമായിരുന്നു- രാജൻ പറഞ്ഞു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഒ.ആർ. കേളു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രിയങ്ക ഗാന്ധി എംപി, എംഎൽഎമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ടി. സിദ്ദീഖ് തുടങ്ങിയവർ പ്രസംഗിച്ചു.