ലാ നിന വരും, കാലവർഷം ശക്തമാകും

പൊള്ളുന്ന ചൂടിനു ശേഷം വരുന്നത് പെരുമഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം
Cloudy day in a high range
Cloudy day in a high rangeFreepik

തിരുവനന്തപുരം: പൊള്ളുന്ന ചൂടിന് ശേഷം വരുന്നത് പെരുമഴ. സംസ്ഥാനത്ത് ഇത്തവണ കാലവർഷം ശക്തമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ആദ്യ ഘട്ട പ്രവചനം.

2,018.6 മില്ലീ മീറ്റർ മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്. എന്നാൽ, കഴിഞ്ഞ വർഷം 1327 മില്ലീ മീറ്റർ മാത്രമായിരുന്നു ലഭിച്ചത്. 34 ശതമാനത്തോളം മഴ കുറവ്. ഇത്തവണ ഈ കണക്കുകൾ മറികടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ. മഴ കൂടുതൽ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം സ്വകാര്യ കാലാവസ്ഥാ ഏജൻസികളും പ്രവചിച്ചിരുന്നു. രാജ്യത്ത് പൊതുവെ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് സൂചന.

മേയ് മാസത്തോടെ നിലവിലെ എൽനിനോ പ്രതിഭാസം കാലർഷ ആരംഭത്തോടെ ദുർബലമായി ന്യൂട്രൽ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ഇത് ‘ലാനിന' യിലേക്കും മാറാനാണ് സാധ്യത.എല്‍നിനോ പ്രതിഭാസം കൊണ്ടുണ്ടാകുന്ന കൊടും ചൂട് മേയ് പകുതി വരെ നിലനില്‍ക്കും. തുടര്‍ന്ന് എല്‍നിനോ ദുര്‍ബലമാകുകയും ലാനിന ശക്തമാകുകയും ചെയ്യുമെന്നാണ് പ്രവചനം. ലാനിന പ്രതിഭാസം യാഥാർഥ്യമായാല്‍ കാലവര്‍ഷക്കാലത്ത് പതിവില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണ് പറയപ്പെടുന്നത്.

നിലവിൽ ന്യൂട്രൽ സ്ഥിതിയിൽ തുടരുന്ന ഇന്ത്യ ഓഷ്യൻ ഡൈപോൾ കാലവർഷത്തിന്‍റെ രണ്ടാം ഘട്ടത്തിൽ പോസിറ്റീവ് ഫേസിലേക്ക് വരുന്നതും കാലവർഷത്തിന് അനുകൂലമാകാൻ സാധ്യത. കൂടാതെ, പസഫിക്ക്, ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള സൂചനകളും ഇത്തവണ കാലവർഷത്തിന് അനുകൂല സ്വഭാവം നൽകുന്നവയാണെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കാലവർഷം എന്ന് മുതൽ ശക്തമാകുമെന്ന വിവരം മേയ് പകുതിയിലെ രണ്ടാം ഘട്ട പ്രവചനത്തിലൂടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കും. അതേസമയം, കഴിഞ്ഞ വർഷവും തുടക്കത്തിൽ എല്ലാ ഏജൻസികളും സാധാരണകൂടുതൽ മഴ സാധ്യത പ്രവചിച്ചിരുന്നു. എന്നാൽ ജൂൺ മാസത്തോടെ അറബിക്കടലിൽ രൂപപ്പെട്ട 'ബിപോർജോയ് ചുഴലിക്കാറ്റ് തുടക്കത്തിൽ കേരളത്തിലെ കാലവർഷം ദുർബലമാക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com