
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള രാജ്യത്തെ ആദ്യ ക്ഷേമനിധി ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പെൻഷൻ, വിവാഹ ധനസഹായം, പഠനസഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണു ക്ഷേമനിധി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ഭാഗമായ 14 ലക്ഷത്തിലധികം കുടുംബങ്ങൾക്കു ക്ഷേമനിധിയുടെ ഗുണഫലം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ക്ഷേമനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു രാവിലെ 10 നു മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് കോട്ടമൈതാനിയിൽ നിർവ്വഹിക്കും.
തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും.സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണു പരിപാടി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും രജിസ്റ്റർ ചെയ്തവർക്കു ക്ഷേമനിധിയിൽ അംഗത്വം ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശാദായത്തിനു തുല്യമായ തുക സർക്കാർ വിഹിതമായി ക്ഷേമനിധിയിലേക്കു നൽകും. അടയ്ക്കുന്ന തുക തൊഴിലാളികളുടെ പെൻഷനും മറ്റു ക്ഷേമ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും.
18 വയസ് പൂർത്തിയായതും 55 വയസ് പൂർത്തിയാക്കിയിട്ടില്ലാത്തവരും അംഗത്വത്തിന് അപേക്ഷിക്കുന്ന വർഷമോ അതിനു തൊട്ടുമുമ്പുളള രണ്ടു വർഷങ്ങളിലോ ഏതെങ്കിലും ഒരു വർഷം കുറഞ്ഞതു 20 ദിവസമെങ്കിലും അവിദഗ്ദ്ധ തൊഴിലിൽ ഏർപ്പെട്ടിട്ടുളളവരുമായവർക്കു ക്ഷേമനിധിയിൽ അംഗങ്ങളാകാം.