ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു

ഈ മാസം പ്രഖ്യാപിച്ച ക്ഷേമപെൻഷൻ സർക്കാർ നൽകിയില്ല എന്ന കെപിസിസി അധ്യക്ഷന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു
welfare pension distribution in kerala

ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു

file image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജൂൺ 20 ന് തന്നെ പെൻഷൻ വിതരണം ആരംഭിച്ചിരുന്നെന്നും ലഭിക്കാത്തവർക്ക് വരും ദിവസങ്ങളിൽ അക്കൗണ്ടുകളിൽ തുക എത്തുമെന്നും മന്ത്രി അറിയിച്ചു.

ഇതിനായി 825.71 കോടി രൂപ വെള്ളിയാഴ്‌ച തന്നെ അനുവദിച്ചിരുന്നു. ഈ തുക ബാങ്കുകൾക്കും കൈമാറി. ബാങ്ക്‌ അക്കൗണ്ടുവഴി പെൻഷൻ ലഭിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും ശനിയാഴ്‌ച തന്നെ പെൻഷൻ ലഭിച്ചിട്ടുണ്ട്‌. മറ്റുള്ളവർക്കെല്ലാം വരും ദിവസങ്ങളിൽതന്നെ പെൻഷൻ ലഭിക്കും.

ഈ മാസം പ്രഖ്യാപിച്ച ക്ഷേമപെൻഷൻ സർക്കാർ നൽകിയില്ല എന്ന കെപിസിസി അധ്യക്ഷന്‍റെ ആരോപണം അടിസ്ഥാന രഹിതമാണ്. വസ്‌തുത അന്വേഷിക്കാനോ മനസിലാക്കാനോ ശ്രമിക്കാതെയാണ്‌ നടത്തിയിട്ടുള്ളത്‌. ഈ അവാസ്‌തവ പ്രസ്‌താവന തള്ളിക്കളയണം. പെൻഷൻ വിതരണം ചെയ്യുന്നതിന്‍റെ നടപടിക്രമങ്ങളും സാങ്കേതികത്വവും മനസിലാക്കാതെയാണ് അദ്ദേഹം പ്രസ്താവന നടത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് ഏതാണ്ട്‌ 62 ലക്ഷത്തോളം പേർക്കാണ്‌ ക്ഷേമ പെൻഷൻ വിതരണം ചെയ്യേണ്ടത്‌. ഇത്‌ ദിവസങ്ങൾ എടുത്താണ്‌ പൂർത്തീകരിക്കുന്നത്‌. എല്ലാ മാസവും ഒന്നു മുതൽ 15 ഗുണഭോക്താക്കൾക്ക്‌ മസ്‌റ്ററിങ്‌ ചെയ്യാൻ അവസരമുണ്ട്‌. ഇത്തരത്തിൽ മസ്‌റ്റർ ചെയ്യുന്നവരെകൂടി ഉൾപ്പെടുത്തിയാണ്‌ 15നുശേഷം അതാത്‌ മാസത്തെ ഗുണഭോകൃ പട്ടിക അന്തിമമാക്കുന്നത്‌. തുടർന്ന്‌ പഞ്ചായത്ത്‌ ഡയറക്ടർ നൽകുന്ന പട്ടികയിലെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ തുക അനുവദിച്ച്‌ ഉത്തരവിറക്കുന്നതും തുക കൈമാറുന്നതും. സാമൂഹ്യസുരക്ഷാ പെൻഷനിൽ പകുതിയോളം പേർക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക്‌ പെൻഷൻ തുക ക്രഡിറ്റ്‌ ചെയ്യും.

വീട്ടിൽ പണം എത്തിക്കുന്നവരുടെ തുക ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാർക്ക് കൈമാറും. അവർ ഏതു സഹകരണ സ്ഥാപനം വഴിയാണോ പെൻഷൻ കൊടുക്കുന്നത് ആ സഹകരണ ബാങ്കിന് കൈമാറും. ബന്ധപ്പെട്ട സഹകരണ ബാങ്ക്‌ സെക്രട്ടറി ഓരോ വാർഡിലും വിതരണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് ലിസ്റ്റും പണവും കൈമാറും. അദ്ദേഹം തുക വിതരണം ചെയ്തു റിപ്പോർട്ട് ചെയ്യും.

ക്ഷേമ നിധി ബോർഡുകൾക്കുള്ള പണം ബന്ധപ്പെട്ട ബോർഡിന് കൈമാറും. അതാത്‌ ബോർഡാണ്‌ തുക വിതരണം ചെയ്യുന്നത്‌. ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി എല്ലാവർക്കും പെൻഷൻ എത്തിക്കാൻ ഒറ്റ ദിവസത്തിൽ കഴിയില്ല. ഈ നടപടിക്രമത്തിൽതന്നെയാണ്‌ എല്ലാ മാസവും പെൻഷൻ വിതരണം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com