#എം.ബി. സന്തോഷ്
തിരുവനന്തപുരം: മൂന്നു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതോടെ അത് എങ്ങനെ പാർലമെന്‍റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന വ്യക്തമാവാതെ മുന്നണികൾ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുടർഭരണത്തിന് കാരണമായത് കിറ്റും പെൻഷനും വിതരണം ചെയ്തതായിരുന്നു എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ കണ്ടെത്തൽ. സർക്കാരിനെതിരെ നിരന്തര സമരം നടത്തി പ്രതിരോധത്തിലാക്കാൻ അന്നത്തെ പ്രതിപക്ഷത്തിന് സാധിച്ചെങ്കിലും സർക്കാർ കിറ്റും പെൻഷനും നേരിട്ടെത്തിച്ചതോടെ മുൻപത്തെക്കാൾ ഭൂരിപക്ഷത്തോടെ എൽഡിഎഫിന് അധികാരത്തിലെത്താനായി. അതുകൊണ്ടുതന്നെ കൊടുത്ത കുടിശികയേക്കാൾ കിട്ടാനുള്ള തുകയിലൂന്നി പെൻഷനുമായി ബന്ധപ്പെട്ട് പ്രചാരണം നടത്താനാണ് യുഡിഎഫ്, ബിജെപി മുന്നണികളുടെ നീക്കം.
അടുത്ത 5 വർഷത്തിനുള്ളിൽ 1,600 രൂപ ക്ഷേമ പെൻഷൻ 2,500 രൂപയായി വർധിപ്പിക്കുമെന്നായിരുന്നു എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം. ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 1,600 രൂപയിൽനിന്ന് 100 രൂപയെങ്കിലും വർധിപ്പിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനു മേൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ, കൃത്യമായി പെൻഷൻ കൊടുക്കാൻപോലും കഴിയാത്ത സാഹചര്യത്തിൽ അതിന് അദ്ദേഹം തയാറായില്ല. പകരം, ഈ മാസം മുതൽ കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബജറ്റിൽ മന്ത്രി പ്രഖ്യാപിച്ചു. പെൻഷൻ തുക കൃത്യമായി നൽകാനാവാത്തത് തിരിച്ചടിയാവുമോ എന്ന ആശങ്ക ഉണ്ടെങ്കിലും തെരഞ്ഞെടുപ്പിനുമുമ്പ് ഈസ്റ്ററിനും പെരുന്നാളിനും വിഷുവിനുമായി 3 മാസത്തെ പെൻഷൻ തുക നൽകുന്നത് ഗുണകരമാവുമെന്നുതന്നെയാണ് എൽഡിഎഫ് പ്രതീക്ഷ.
കേന്ദ്രസർക്കാർ പെൻഷൻ നൽകുന്നതിന് രൂപീകരിച്ച കമ്പനിയുടെ കടമെടുപ്പും സർക്കാരിന്‍റെ പരിധിയിൽപെടുത്തിയതോടെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായി.പെൻഷൻ കുടിശിക 7 മാസമായി ഉയർന്നു.സഹകരണ ബാങ്ക് കൺസോർഷ്യം രൂപീകരിച്ച് ഈസ്റ്ററിന് മുമ്പായി ഒരു ഗഡു പെൻഷൻ വിതരണം ചെയ്തു. ഇന്നുമുതൽ രണ്ടുഗഡുവായി 3200 രൂപ കൂടി 62 ലക്ഷം ഗുണഭോക്താക്കളിലേക്ക് എത്തുകയാണ്. ഈ 62 ലക്ഷം പേരിൽ 6.3 ലക്ഷം പേർക്കാണ് കേന്ദ്ര വിഹിതമുള്ളത്. 2021 ജനുവരി മുതല്‍ സംസ്ഥാനം മുൻകൂറായി പെൻഷൻകാർക്ക് നല്‍കിയ കേന്ദ്ര വിഹിതം കുടിശികയായിരുന്നു. കഴിഞ്ഞ ജൂണ്‍ വരെയുള്ള കേന്ദ്ര വിഹിതമായ 602.14 കോടി രൂപ ഒക്റ്റോബറില്‍ സംസ്ഥാനത്തിന് ലഭിച്ചു. ഇതിനു ശേഷമുള്ള മാസങ്ങളിലെ തുക ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ക്ഷേമ പെന്‍ഷൻ വിതരണത്തിന് പ്രതിവർഷം നീക്കിവച്ചത് 11,000 കോടി രൂപയാണ്. ഇതില്‍ കേന്ദ്ര സഹായം 200 കോടി രൂപ.
പെൻഷന്‍റെ രാഷ്‌ട്രീയം തിരിച്ചറിഞ്ഞാണ് 8000 രൂപയുടെ ക്ഷേമപെന്‍ഷന്‍ ഇനിയും കൊടുക്കാനുള്ളപ്പോള്‍ 3,200 കൊടുത്തത് വല്യ സംഭവമായി അവതരിപ്പിക്കുന്നതെന്ന് കെപിസിസി ആക്റ്റിങ് പ്രസിഡന്‍റ് എം.എം. ഹസന്‍ കുറ്റപ്പെടുത്തിയത്. ഇതിന് മറുപടിയായി യുഡിഎഫ് കാലത്തെ തുച്ഛമായ പെൻഷൻ തുക ഒന്നര മുതൽ രണ്ടര വർഷം വരെ കുടിശിക വരുത്തിയതാണ് എൽഡിഎഫ് വിശദീകരണം.