ആനയെ കൊന്നതാര്? തണ്ണീർ കൊമ്പൻ കണ്ണീർ കൊമ്പനായ കഥ, വിദഗ്ധർ വിശദീകരിക്കുന്നു

തണ്ണീർക്കൊമ്പന് മയക്കുവെടിയേൽക്കും മുൻപു തന്നെ അടിവയറ്റിൽ ഗുരുതരമായ പരുക്കുണ്ടായിരുന്നു. ഭക്ഷണം കഴിക്കാനോ ദീർഘദൂരം നടക്കാനോ മൂത്രമൊഴിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ആന.
ആനയെ കൊന്നതാര്? തണ്ണീർ കൊമ്പൻ കണ്ണീർ കൊമ്പനായ കഥ, വിദഗ്ധർ വിശദീകരിക്കുന്നു

അജയൻ

കൊച്ചി: മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങുകയും മയക്കുവെടിയേറ്റ ശേഷം ചരിയുകയും ചെയ്ത കാട്ടാന തണ്ണീർക്കൊമ്പന് നേരത്തെ തന്നെ ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തൽ. ആനയെ മയക്കുവെടിവച്ച് പിടിച്ച സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ തന്നെയാണ് ഈ വിവരം മെട്രൊ വാർത്തയോട് വിശദീകരിച്ചത്.

ഒരു മാസം മുൻപ് കർണാടകയിൽ വച്ചും ആനയ്ക്ക് മയക്കുവെടിയേറ്റിരുന്നു. മാനന്തവാടിയിൽ ഇറ‌ങ്ങിയ സമയത്തു തന്നെ കൊമ്പൻ ദുർബലനായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു തണ്ണീർക്കൊമ്പൻ എന്നാണ് ആനയെ പിടിക്കാനുള്ള ഓപ്പറേഷനിൽ പങ്കെടുത്തവർ പറയുന്നത്.

അംഗീകരിക്കപ്പെട്ട പ്രോട്ടോകോൾ പ്രകാരം തന്നെയാണ് കേരളത്തിലെ വനം വകുപ്പ് അധികൃതർ ആനയ്ക്ക് മയക്കുവെടി വച്ചത്. ഇതിനായി വിദഗ്ധോപദേശങ്ങളും സ്വീകരിച്ചിരുന്നു. ആനക്കൂട്ടത്തിനൊപ്പം വന്ന കൊമ്പൻ, കൂട്ടം തിരിച്ചുപോയ ശേഷം മാനന്തവാടിയിൽ ഒറ്റപ്പെട്ടു പോയതാണെന്നാണ് അനുമാനിക്കുന്നത്. പരുക്കു കാരണം നടക്കാനുള്ള ബുദ്ധിമുട്ടും ഭക്ഷണം കഴിക്കാൻ സാധിക്കാത്തതു കാരണമുള്ള ക്ഷീണവും ഇതിനു കാരണമായി.

കർണാടകയിൽ വച്ച് കാപ്പിത്തോട്ടത്തിൽ ഇറങ്ങിയപ്പോൾ ആനയെ വെടിവച്ചു പിടിച്ചിരുന്നു. ഇതെത്തുടർന്ന് കുംകി ആനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി ബന്ദിപ്പൂർ വനത്തിൽ തുറന്നു വിടുകയാണ് ചെയ്തത്. ഈ മാറ്റത്തിനിടെ സംഭവിച്ചതാണ് പരുക്കുകൾ എന്നാണ് കരുതുന്നത്.

ആനയുടെ അടിവയറ്റിലെ മുറിവാണ് പുറമേ ഏറ്റവും ഗുരുതരമായി കാണപ്പെട്ടത്. പ്രോട്ടോകോൾ പ്രകാരം അന്ന് ഇതു പരിശോധിച്ച് വിദഗ്ധ ചികിത്സ നൽകിയ ശേഷം മാത്രമാണ് കാട്ടിലേക്കു തുറന്നു വിടേണ്ടിയിരുന്നത്. അതു ചെയ്യാത്തതിനാൽ ആനയ്ക്ക് ഗുരുതരമായ മൂത്ര തടസവുമുണ്ടായിരുന്നു.

ആനയ്ക്ക് നേരത്തെ തന്നെ പരുക്കുകളുണ്ടായിരുന്നതായി കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ജനവാസ മേഖലയിലിറങ്ങിയ ആനയെ കണ്ട് നാട്ടുകാർ പരിഭ്രാന്തരായതോടെ മയക്കുവെടി വയ്ക്കുക എന്നതല്ലാതെ മറ്റു മാർഗമില്ലാത്ത അവസ്ഥയിലായിരുന്നു കേരളത്തിലെ വനം വകുപ്പ്. ആന കർണാടകയിലോ കേരളത്തിലോ മനുഷ്യരെ ഉപദ്രവിച്ചതായി റിപ്പോർട്ടുകളില്ല. എന്നാൽ, പടക്കം പൊട്ടിച്ച് ഓടിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ആളുകളുടെ പരിഭ്രാന്തി വർധിച്ചു. യഥാർഥത്തിൽ ദീർഘദൂരം നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ആന ജനവാസ മേഖലയിൽ തുടർന്നതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ആനയുടെ അഞ്ച് മീറ്റർ അടുത്തു പോലും പടക്കം പൊട്ടിച്ചിരുന്നു. ഇത്ര അടുത്ത് വലിയ ശബ്ദം കേട്ടാൽ ആനകൾ പൊതുവേ ഏതെങ്കിലും വിധത്തിൽ പ്രതികരിക്കാറുള്ളതാണ്. എന്നാൽ, തണ്ണീർക്കൊമ്പൻ അസ്വാഭാവികമാം വിധം പ്രതികരണശേഷി ഇല്ലാത്ത വിധത്തിലാണു പെരുമാറിയിരുന്നത്.

ഇതുകൂടാതെ, പകൽ സമയത്ത് കഠിനമായ ചൂടേൽക്കുക കൂടി ചെയ്തതോടെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായി. ചൂട് താങ്ങാൻ ബുദ്ധിമുട്ടുള്ള ആനകൾ അതു നിയന്ത്രിക്കുന്നതിനാണ് വെള്ളം കിട്ടുമ്പോഴൊക്കെ ദേഹത്തൊഴിക്കുകയും, അല്ലാത്തപ്പോൾ തുമ്പിക്കൈ കൊണ്ട് മണ്ണ് വാരി ദേഹത്തിടുകയും ചെയ്യുന്നത്. കൊടും ചൂടിൽ നിർജലീകരണം (Dehydration) കൂടി സംഭവിച്ചത് മയക്കുവെടിക്കൊപ്പം ആനയെ കൂടുതൽ ദുർബലനാക്കിയിരിക്കും എന്നാണ് അനുമാനിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com