

ആരാകും ആദ്യ ബിജെപി മേയർ? കോർപ്പറേഷനുകളിൽ ചൂടേറും ചർച്ചകൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോർപ്പറേഷനുകളിൽ മേയർമാരെ തിരഞ്ഞെടുക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണ്. തിരുവന്തപുരത്ത് എൻഡിഎയും കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ യുഡിഎഫും കോഴിക്കോട്ട് എൽഡിഎഫും ഘടക കക്ഷികളുമായി ചർച്ച നടത്തി പ്രാഥമിക ധാരണയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാകും. അതേസമയം, സംസ്ഥാനത്തെ ആദ്യ ബിജെപി മേയർ ആരാകും എന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ കേരളം.തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന നേതാവ് കൂടിയായ വി.വി രാജേഷിനെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
മുൻ ഡിജിപി ആർ. ശ്രീലേഖ ഡെപ്യൂട്ടി മേയർ ആയേക്കും. അതേസമയം ഭരണത്തിനുള്ള 51 സീറ്റുകളില്ലാത്തതിനാൽ സ്വതന്ത്രന് സ്ഥാനം നൽകി പ്രശ്നപരിഹാരത്തിനുള്ള ചർച്ചകളും ഒരുവശത്ത് നടക്കുന്നുണ്ട്. എന്നാൽ ഇതിനോട് നേതൃത്വത്തിന് യോജിപ്പില്ല. മേയർ പദവി ഇല്ലെങ്കിലും വാർഡില്‍ സജീവമായി പ്രവർത്തിക്കുമെന്ന ശ്രീലേഖയുടെ പ്രസ്താവന പരിഗണിച്ച് സ്ഥാനം നൽകാനുള്ള ആലോചനകളുമുണ്ട്. വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിർണായകമാണ്. കാല്‍ നൂറ്റാണ്ടായി ഇളക്കം തട്ടാത്ത മണ്ണായിരുന്നു കൊല്ലത്തേത്. മുൻ ചരിത്രങ്ങളൊക്കെയും പാടെ തിരുത്തി കുറിച്ചാണ് കൊല്ലം കോർപ്പറേഷനില്‍ ഐക്യജനാധിപത്യ മുന്നണി വിജയിച്ചത്. 56 സീറ്റില്‍ 27 എണ്ണം നേടിയാണ് കൊല്ലം കോർപ്പറേഷൻ യുഡിഎഫ് പിടിച്ചത്. ഇവിടെ ഐഎന്‍ടിയുസി ജില്ലാ അധ്യക്ഷന്‍ എ.കെ ഹഫീസ് മേയറാകുമെന്നാണ് വിവരം. 76 സീറ്റുകളുള്ള കോർപ്പറേഷനില്‍ 46 ഉം നേടിയാണ് യുഡിഎഫ് കൊച്ചി പിടിച്ചത്. ഇവിടെ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസിന്‍റെയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി .കെ മിനിമോളുടെയും പേരാണ് ഉയർന്ന് കേൾക്കുന്നത്. ഒപ്പം മുന്‍ കൗണ്‍സിലര്‍മാരായ ഷൈനി മാത്യു, സീന ടീച്ചര്‍ എന്നിവരും പരിഗണനയിലുണ്ട്.
തൃശൂരിൽ ശ്യാമള മുരളീധരൻ, ഷീന ചന്ദ്രൻ, വത്സല ബാബുരാജ്, ലാലി ജെയിംസ്, വില്ലി ജിജോ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. മേയർ, ഡെപ്യൂട്ടി മേയർ പദവികള്‍ മൂന്ന് തവണകളായി വീതം വയ്‌ക്കാനാണ് പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനം. ശ്യാമള മുരളീധരൻ, ഷീന ചന്ദ്രൻ, വത്സല ബാബുരാജ് ഇവരില്‍ ഒരാള്‍ ആദ്യ ഘട്ടത്തില്‍ മേയറാകും. ലാലി ജെയിംസ്, വില്ലി ജിജോ എന്നിവരെ രണ്ട്, മൂന്ന് ഘട്ടങ്ങളിലും പരിഗണിക്കും.
ആദ്യ ഘട്ടത്തില്‍ ബൈജു വർഗീസ് ഡെപ്യൂട്ടി മേയറാകും. എ. പ്രസാദിനാണ് രണ്ടാം ഘട്ടത്തില്‍ നറുക്ക്. അടുത്ത ദിവസം നടക്കുന്ന പാർലമെന്‍ററി പാർട്ടി യോഗത്തില്‍ മേയർ വിഷയം തീരുമാനമാകുമെന്നാണ് പ്രതീക്ഷ. 36 സീറ്റുകൾ നേടി കണ്ണൂർ കോർപ്പറേഷൻ പിടിച്ച യുഡിഎഫ് ഡെപ്യൂട്ടി മേയർ ആയിരുന്ന പി .ഇന്ദിരയെ തന്നെയാണ് മേയർ സ്ഥാനത്തേക്ക് ആലോചിക്കുന്നത്. നാലര പതിറ്റാണ്ട് തടസങ്ങളില്ലാതെ കോഴിക്കോട് കോർപ്പറേഷൻ ഭരിച്ച സിപിഎമ്മും ഇടതു മുന്നണിയും ഈ തവണ തപ്പിത്തടഞ്ഞാണ് ഭരണത്തിലേറുന്നത്. കേവല ഭൂരിപക്ഷത്തിന് നാല് സീറ്റ് കുറവാണെങ്കിലും ഒറ്റക്കക്ഷി എന്ന നിലയിൽ സിപിഎം അധികാരത്തിലേറും. കഴിഞ്ഞ തവണ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായ ഡോ. എസ് ജയശ്രീയുടെയും സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് ഒ .സദാശിവന്‍റെയും പേരുകൾക്കാണിവിടെ മുൻതൂക്കം.