

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി.
File
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ വ്യാപകമായ ക്രമക്കേടുകളും ധനദുർവിനിയോഗവും നടന്നതായി സിഎജി ഓഡിറ്റ് റിപ്പോർട്ട്. സർവകലാശാലയിൽ ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തിയ താത്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് ഓഡിറ്റിന് നിർദേശം നൽകുകയായിരുന്നു.
സേവ് യൂനിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഓഡിറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ടിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. പൊതുപണം ചെലവഴിക്കുന്നതിൽ നിയമപരമായ സുതാര്യതയോ ഉത്തരവാദിത്തമോ പാലിച്ചിട്ടില്ലെന്ന് സിഎജി റിപ്പോർട്ട് ചെയ്യുന്നു. ടെൻഡർ നടപടികൾ ഒഴിവാക്കാൻ വലിയ ഓർഡറുകൾ പലതായി വിഭജിക്കുകയും ന്യായീകരണമില്ലാതെ നേരിട്ട് സാധനങ്ങൾ വാങ്ങുകയും ചെയ്തതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജോലി പൂർത്തിയായെന്ന് ഉറപ്പുവരുത്താതെ വൻതുകകൾ നൽകിയതും യഥാർഥ നിരക്കിനേക്കാൾ അമിതമായ തുക അനുവദിച്ചതും കണ്ടെത്തിയിട്ടുണ്ട്.
സർവകലാശാലയിൽ വൻ തുക ശമ്പളത്തിൽ കൺസൾട്ടന്‍റുമാരെയും മറ്റു ജീവനക്കാരെയും നിയമിച്ചതിൽ കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങളോ മുൻകൂർ അനുമതിയോ വാങ്ങിയിട്ടില്ല. ഫണ്ട് വിനിയോഗ സർട്ടിഫിക്കറ്റുകൾ ഓഡിറ്റിന് ഹാജരാക്കാൻ സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ വൈസ് ചാൻസലർ സജി ഗോപിനാഥിനെ പദവിയിൽ നിന്ന് മാറ്റി ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.