

സുബ്രൻ.
തൃശൂർ: ചായ്പൻകുഴി പീലാർമുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. പീലാർമുഴി സ്വദേശി തെക്കൂടൻ സുബ്രൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. ചായ്പൻകുഴി സെന്‍ററിലേക്ക് ചായ കുടിക്കാൻ വന്ന സുബ്രനെ ആന ആക്രമിക്കുകയായിരുന്നു.
നാട്ടുകാരാണ് പരിക്കുകളോടെ സുബ്രൻ റോഡിൽ കിടക്കുന്നത് കണ്ടത്. ഉടനെ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അഞ്ച് ആനകൾ ഉള്ള കൂട്ടമാണ് മേഖലയിൽ ഇറങ്ങിയതെന്ന് പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ വലിയ പ്രതിഷേധം നടന്നു. സ്റ്റേഷന്‍റെ ജനൽ ചില്ലുകളും ഫർണിച്ചറുകളും നാട്ടുകാരുടെ നേതൃത്വത്തിൽ അടിച്ചു തകർത്തു.