

ഇടുക്കിയിൽ കാട്ടാന ആക്രമണം; മധ്യപ്രദേശ് സ്വദേശി മരിച്ചു
Representative Image
കട്ടപ്പന: ഇടുക്കി ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശിയായ തോട്ടം തൊഴിലാളി മരിച്ചു. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവം.
മധ്യപ്രദേശിലെ ദിൻഡോരി സ്വദേശിയായ ശിവകുമാർ (29) ആണ് മരിച്ചത്. പ്രദേശത്തെ ഏലത്തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ശാന്തൻപാറയിലെ ഞങ്ങളാർ–കമ്പനി എസ്റ്റേറ്റ് റോഡിലൂടെ സുഹൃത്തിനൊപ്പം നടക്കുന്നതിനിടെ കാട്ടാനയ്ക്ക് മുന്നിൽപ്പെടുകയായിരുന്നു.
സുഹൃത്ത് ഓടി രക്ഷപ്പെട്ടെങ്കിലും ശിവകുമാറിനെ കാട്ടാന ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ശിവകുമാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാട്ടാന സ്ഥലത്തുനിന്ന് മാറിയശേഷം നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ ശിവകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ശാന്തൻപാറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ വീടുകൾക്ക് സമീപത്തേക്ക് കാട്ടാനകൾ പതിവായി എത്തുന്നുണ്ടെന്നും അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം കാട്ടാനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.