

7 മണിക്കൂര്‍ നീണ്ട ദൗത്യം! കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ ഒടുവിൽ തുരത്തി
പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ കാട് കയറ്റി. ഏഴര മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് അള്ളാഞ്ചി കൊമ്പന്‍ എന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം വിജയകരമായത്.
ധോണിയിൽനിന്നെത്തിച്ച അഗസ്റ്റിൻ എന്ന കുങ്കിയാനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്തിയത്. വാളയാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.
ശനിയാഴ്ച (May 31) രാവിലെ 7 മണിമുതൽ മുതൽ ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ആദ്യം പടക്കം പൊട്ടിച്ച് കാട്ടാനയെ കാട് കയറ്റി വനാതിർത്തിയിൽ എത്തിച്ചെങ്കിലും കാട്ടാന വീണ്ടും ജനവാസ മേഖലയിൽ തിരിച്ചെത്തിയിരുന്നു. രണ്ടാമത് വനം വകുപ്പ് നടത്തിയ ശ്രമത്തിലാണ് ഒടുവിൽ കാട്ടാന കാടുകയറിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി കഞ്ചിക്കോട് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ കാര്യത്തിൽ, സ്കൂൾ തുറക്കുന്നതിന് മുമ്പ് ശാശ്വത പരിഹാരം വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കാട്ടാന പ്രദേശത്ത് വ്യാപകമായി കൃഷിയും നശിപ്പിച്ചിരുന്നു.