

കണ്ണൂർ: കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന ഇറങ്ങി. ടൗണിലെ സിനിമാ തിയറ്റേറിനു സമീപമാണ് ആദ്യം ആനയെ കണ്ടത്. ആനയെ കണ്ട് ഭയന്നോടിയ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിലവിൽ ലത്തീൻ പള്ളിക്കു സമീപവും അടുത്തുള്ള കശുമാവിൻ തോട്ടത്തിലുമാണ് ആന നിലയുറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പിന്‍റേയും പൊലീസിന്‍റേയും നേതൃത്വത്തിൽ ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ഉളിക്കൽ മേഖലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ടൗണിൽ വ്യാപാര മേഖലകളും അടച്ചു. പൊലീസും വനം വകുപ്പും ചേർന്ന് ടൗൺ ഒഴിപ്പിച്ചിട്ടുണ്ട്. ആനയുടെ സമീപത്തേക്ക് ആളുകൾ പോകാതിരിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ആന കർണാടക വനത്തിൽ നിന്ന് ഇറങ്ങിയതാണെന്നാണ് സംശയം. ഉളിക്കലിൽനിന്ന് പത്തു കിലോമീറ്റർ അകലെയാണ് വനം. ആനയെ തുരത്താനുള്ള ശ്രമങ്ങൾ തുടരുന്നു. മയക്കുവെടി വയ്ക്കുന്നത് പ്രയോഗികമല്ലെന്നാണ് വനം വകുപ്പിന്‍റെ നിഗമനം.