

പ്രതീകാത്മക ചിത്രം
കണ്ണൂർ: ആറളം ഫാമിലെ ജനവാസമേഖലയിൽ പ്രദേശവാസികൾക്ക് നിരന്തരം ഭീഷണി സൃഷ്ടിക്കുന്ന കാട്ടാനയെ പിടികൂടാനുള്ള ഊർജിത ശ്രമത്തിൽ വനംവകുപ്പ്. ഇതിന്‍റെ ഭാഗമായി പരിശീലനം ലഭിച്ച കുങ്കിയാനകളായ വിക്രമിനെയും ഭരതിനെയും വെള്ളിയാഴ്ച രാത്രി ആറളം ഫാമിലെത്തിച്ചു. വയനാട്ടിൽ നിന്ന് മറ്റൊരു കുങ്കിയാനയായ ഉണ്ണികൃഷ്ണനെയും എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൊമ്പില്ലാത്ത ആൺ ആനയായ കണ്ണൂർ മഖ്ന-1 എന്ന കാട്ടാനയാണ് ജനവാസമേഖലയിൽ ഇറങ്ങിയത്. പ്രദേശത്തെ ഒരാളെ ഈ ആന ആക്രമിച്ച് കൊലപ്പെടുത്തുകയും നിരവധി പേരെ പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ വീടുകൾക്ക് സമീപമെത്തി കൃഷിയും ഷെഡുകളും നശിപ്പിക്കുന്നതും പതിവാണ്. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ആനയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചത്.
ഏറ്റവുമൊടുവിൽ ജനവാസമേഖലകളിൽ നിന്ന് അകന്ന് വനത്തിനുള്ളിലാണ് ആനയെ അവസാനമായി കണ്ടെത്തിയത്. ആനയെ വീണ്ടും കണ്ടെത്തുക എന്നതാണ് വനംവകുപ്പിന്‍റെ അടിയന്തര വെല്ലുവിളി.
ആനയെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി കൂടുതൽ ഉദ്യോഗസ്ഥർ ശനിയാഴ്ച ആറളത്ത് എത്തും. ജനവാസമേഖലയുടെ അതിർത്തിയിലേക്ക് ആനയെ എത്തിച്ചശേഷം മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. ആനകളെ മയക്കുവെടിവയ്ക്കുന്നതിൽ വിദഗ്ധരായ മൂന്ന് വെറ്ററിനറി ഡോക്റ്റർമാരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മയക്കുവെടിവയ്ക്കൽ നടപടികൾ ആരംഭിക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ.