ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കലിൽ ആശുപത്രി നിര്‍മിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

പൂങ്കാവനത്തിന്‍റെ 18 മലകളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യം
ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കലിൽ ആശുപത്രി നിര്‍മിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍
Updated on

പത്തനംതിട്ട : നിലയ്ക്കല്‍ കേന്ദ്രീകരിച്ച് എല്ലാ സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിര്‍മ്മിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. നിലയ്ക്കലില്‍ പുതുതായി നിര്‍മിക്കുന്ന ഡോര്‍മെറ്ററികളുടെയും  ദേവസ്വം ക്ലോക്ക് റൂമിന്‍റെയും നവീകരിച്ച നിലയ്ക്കല്‍ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലിന്‍റെയും ഉദ്ഘാടനം നിലക്കല്‍ മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തീർത്ഥാടകർക്കും തദ്ദേശവാസികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ആശുപത്രി നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനു ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും തദ്ദേശസ്ഥാപങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും.

പൂങ്കാവനത്തിന്‍റെ 18 മലകളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യം. വനത്തിന്റെ സംരക്ഷകരായ ഇവര്‍ക്ക് താല്‍ക്കാലികമായ സഹായങ്ങള്‍ ചെയ്യുന്നതിനുപരി ശാശ്വതമായി അവരുടെ നില മെച്ചപ്പെടുത്തണം. ഇതിനായുള്ള പദ്ധതികള്‍ ആണ് ആവിഷ്‌കരിക്കുന്നത്. ശബരിമല തീര്‍ഥാടനകാലത്തു  ഭക്തര്‍ക്ക് താമസിക്കാന്‍ ഇവരുടെ വീടുകളോട് ചേര്‍ന്ന് ഹോംസ്റ്റേ സൗകര്യം ഒരുക്കാന്‍ വേണ്ട സഹായം ചെയ്യും. ഇതിനു വേണ്ട തുക ദേവസ്വം ബോര്‍ഡും ട്രൈബല്‍ വകുപ്പും ചേര്‍ന്ന് കണ്ടെത്തും. തദ്ദേശവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും- മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ട്രൈബല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 1284 കേന്ദ്രങ്ങളാണ് ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാതെയിരുന്നത്. ഇതില്‍ 1083 പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കി. ഡിസംബര്‍  31 നകം എല്ലാ കേന്ദ്രങ്ങളിലും കണക്ടിവിറ്റി ലഭ്യമാക്കുന്നതോടെ ഇന്ത്യയില്‍ ട്രൈബല്‍ പ്രദേശങ്ങളില്‍ മുഴുവന്‍ ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയ സംസ്ഥാനമെന്ന് അഭിമാനത്തോടെ പറയാന്‍ നമുക്ക് കഴിയും. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ട 330 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റും  50 രോഗബാധിതര്‍ക്ക് ചികിത്സസഹായവും മന്ത്രി വിതരണം ചെയ്തു.

നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ ശബരിമല തീര്‍ഥാടനകാലത്ത് ചുമതലപ്പെടുത്തുന്ന പോലീസ്, ഗതാഗത വകുപ്പിലെ ഉദോഗസ്ഥരുടെ താമസസൗകര്യത്തിനായാണ് സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 12.41 കോടി രൂപ ചെലവിട്ട് 4300 സ്‌ക്വയര്‍ഫീറ്റ് വീതമുള്ള ഏഴു ഡോര്‍മെറ്ററികളും മെസ് ഹാളും ഓരോ ഡോര്‍മെറ്ററികളോട് അനുബന്ധിച്ച് എട്ടു ശൗചാലയങ്ങളും കുളിമുറികളും 24 യൂറിനറികളും ഉള്‍പ്പടെ ആധുനികസംവിധാനങ്ങളോട് കൂടിയ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. ഇതിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയായി. കേന്ദ്രസ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം അനുവദിച്ച 1.16 കോടി  രൂപ വിനിയോഗിച്ചാണ് 3712 സ്‌ക്വയര്‍ ഫീറ്റില്‍ ഭകതജങ്ങള്‍ക്ക് വിരിവെയ്ക്കുന്നതും സാധാനസാമഗ്രികള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമാണ് ക്ലോക്ക് റൂം നിര്‍മിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തനത് ഫണ്ടില്‍ നിന്നും 40  ലക്ഷം രൂപ ചെലവഴിച്ചാണ് 18000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ നിലയ്ക്കല്‍ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ നവീകരിച്ചത്.

അഡ്വ പ്രമോദ് നാരായണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ച  ചടങ്ങില്‍ അഡ്വ. ജനീഷ് കുമാര്‍ എം എല്‍ എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍, ജില്ലാ കളക്ടര്‍ എ ഷിബു, ഡി ഐ ജി ആര്‍ നിശാന്തിനി, ജില്ലാ പോലീസ് മേധാവി വി അജിത്ത്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടർന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചു വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളും മന്ത്രി വിലയിരുത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com