പരാജയത്തിന്‍റെ കാരണങ്ങൾ എൽഡിഎഫ് പരിശോധിച്ച് തിരുത്തും, രാജിയില്ല: മുഖ്യമന്ത്രി

മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്നും പരിശോധിക്കണം.
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്‍റെ രാജി ആവശ്യപ്പെടാൻ പ്രതിപക്ഷം പുറപ്പെടേണ്ടെന്നു നിയമസഭയിൽ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. 2004ൽ എ.കെ.ആന്‍റണി മുഖ്യമന്ത്രിപദം രാജിവച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ല, സംഘടനാപ്രശ്നം കാരണമാണ്. അതിനെ ഉദാഹരണമാക്കി നിങ്ങൾ സംസ്ഥാന സർക്കാരിന്‍റെ രാജി ആവശ്യപ്പെടാൻ പുറപ്പെടേണ്ട. തെരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിക്കരുത്. അതു നല്ലതല്ല. പരാജയത്തിന്‍റെ കാരണങ്ങൾ എൽഡിഎഫ് പരിശോധിച്ച് തിരുത്തുമെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഉപദേശിക്കുന്ന കോണ്‍ഗ്രസ്, അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഉപദേശം നല്‍കിയാല്‍ മതി.

നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വ്യത്യസ്തമാണ്. ബിജെപിയേയും മോദിയേയും അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്തണമെന്നേ ജനം ചിന്തിച്ചുള്ളൂ. അത് ഇടതുപക്ഷ വിരോധമായി കണക്കാക്കേണ്ടതില്ല. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ മുഖ്യമന്ത്രി പ്രതിരോധിച്ചു സംസാരിച്ചപ്പോള്‍ പ്രതിപക്ഷത്തു നിന്ന് എതിര്‍ശബ്ദങ്ങളുയര്‍ന്നു. താന്‍ പറഞ്ഞതില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിക്കണം. അല്ലാതെ ബബബ്ബ പറയരുതെന്നും ആയിരുന്നു പ്രതിപക്ഷത്തോടുള്ള മുഖ്യമന്ത്രിയുടെ രൂക്ഷപ്രതികരണം.

ഇന്നലെ ധനാഭ്യര്‍ഥന ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ചര്‍ച്ച വഴിമാറി. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. സിപിഎമ്മിന്‍റെ ജീര്‍ണതയാണ് പരാജയത്തിനു കാരണമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടി ഗ്രാമങ്ങളിലെ ബൂത്തുകളില്‍ വരെ ഇടത് സ്ഥാനാര്‍ഥി പിന്നിലായി. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ അവിശുദ്ധ ബദ്ധമുണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രാഹുല്‍ഗാന്ധിയെ പോലും അധിക്ഷേപിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഹിന്ദുത്വ നിലപാട് അടിച്ചേല്‍പ്പിക്കുക എന്ന അജണ്ടയുമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. അതിനെ തല്‍ക്കാലം പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ സമൂഹത്തിന് കഴിഞ്ഞു. ബിജെപിയുടെ മതരാഷ്ട്ര വാദത്തെ ഗൗരവമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ വോട്ട് ബിജെപിയിലേക്ക് പോയത് കൊണ്ടാണ് അവരുടെ വോട്ട് വിഹിതം ഉയര്‍ന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.. ഇന്ത്യാ മുന്നണിയുടെ വിജയം ഇന്ത്യയെ രക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വോട്ടുകള്‍ പോയത് എങ്ങനെയെന്ന് നോക്കേണ്ട ബാധ്യത ഇടതുമുന്നണിക്ക് ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിന്നാലെ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി വിവിധ മണ്ഡലങ്ങളിലെയും കേരളത്തിലെ ആകെയും വോട്ട് വിഹിതത്തിന്‍റെ കണക്കുകള്‍ നിരത്തി ഇടതുമുന്നണിക്ക് വോട്ട കുറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ചു. 2019 ഉമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഡിഎഫിന് 4.92 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന് 6.11 ലക്ഷം വോട്ടാണ് കുറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിലെ വോട്ട് വിഹിതത്തിലും സമാന രീതിയാണ് കാണുന്നത്. യുഡിഎഫിന് പത്തുശതമാനത്തോളം വോട്ടാണ് ഇവിടെ കുറഞ്ഞത്.

മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്നും പരിശോധിക്കണം. പലയിടത്തും നിങ്ങള്‍ക്ക് ഒപ്പം നിന്ന ശക്തികള്‍ തൃശ്ശൂരില്‍ നിങ്ങള്‍ക്കൊപ്പം നിന്നില്ലെന്നും ക്രൈസ്തവ സഭാനേതൃത്വത്തെ സൂചിപ്പിക്കുംവിധം മുഖ്യമന്ത്രി പറഞ്ഞു. പരാജയ കാരണം പരിശോധിക്കുമെന്നും ജനങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാകുമെന്നും പറഞ്ഞ മുഖ്യമന്ത്രി ഇത് ആത്യന്തിക പരാജയം അല്ലെന്നും പറഞ്ഞു. രമേശ് ചെന്നിത്തല, പി.സി വിഷ്ണുനാഥ്, തോമസ് കെ. തോമസ്, സി.കെ. ഹരീന്ദ്രൻ, പി.പി. സുമോദ്, പി.കെ. ബഷീർ, ഇ.ടി. ടൈസൺ, എ. രാജഗോപാലൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com