ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ല: കുഴൽനാടൻ

മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയത് അഴിമതിപ്പണമാണെന്നതാണു പ്രധാന വിഷയം. അതിൽ നിന്നും ചർച്ച മാറരുതെന്നും കോൺഗ്രസ് എംഎൽഎ
Mathew Kuzhalnadan
Mathew Kuzhalnadan

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നു മാത്യു കുഴൽനാടൻ എംഎൽഎ. ധനവകുപ്പിന്‍റെ കത്ത് ലഭിച്ചാൽ വ്യക്തമായ മറുപടി നൽകും. മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയത് അഴിമതിപ്പണമാണെന്നതാണു പ്രധാന വിഷയം. അതിൽ നിന്നും ചർച്ച മാറരുതെന്നും കുഴൽനാടൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകൾ വീണ കരിമണൽ കമ്പനിയിൽ നിന്നു കൈപ്പറ്റിയ തുകയുടെ നികുതി അടച്ചതായി നികുതി വകുപ്പ് വ്യക്തമാക്കിയ സാഹചര്യത്തിൽ കുഴൽനാടൻ മാപ്പ് പറയണമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പൊതുപ്രവർത്തനത്തിൽ തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ കുഴൽനാടൻ മാപ്പ് പറയണം. മുഖ്യമന്ത്രിയുടെ കുടുംബത്തോടും വീണയോടും ഒരു വട്ടമെങ്കിലും മാപ്പ് പറയണം. ഇത്തരം കള്ളത്തരം കൊണ്ട് ഇനിയും നടക്കരുതെന്നും എ.കെ. ബാലൻ വ്യക്തമാക്കി. ഇതിനോടു പ്രതികരിക്കുകയായിരുന്നു കുഴൽനാടൻ.

മുഖ്യമന്ത്രിയുടെ മകൾ നികുതി അടച്ചെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. അതിനു ശേഷം കാര്യങ്ങൾ വിശദമായി തന്നെ പറയും. മാപ്പ് പറയേണ്ടതുണ്ടോയെന്നു പൊതുസമൂഹം തീരുമാനിക്കട്ടെ. താൻ പറഞ്ഞിടത്താണ് പിശകെങ്കിൽ മാപ്പ് പറയുമെന്നും കുഴൽനാടൻ വ്യക്തമാക്കി.

കോളിളക്കമുണ്ടാക്കിയ മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് കഴിഞ്ഞദിവസമാണു ധനവകുപ്പിന്‍റെ മറുപടി ലഭിച്ചത്. മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ കമ്പനി എക്സാലോജിക്‌ കരിമണൽ കമ്പനി സിഎംആര്‍എല്ലില്‍ നിന്നു കൈപ്പറ്റിയ പണത്തിനു നികുതി അടച്ചുവെന്നു സ്ഥിരീകരിച്ചായിരുന്നു മറുപടി.

സിഎംആർഎല്ലിൽ നിന്നു കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കു വീണ നികുതി അടച്ചതായാണു ജിഎസ്ടി കമ്മിഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ലഭിച്ച വിവരം ധനവകുപ്പ് സ്ഥിരീകരിച്ചതിനു പിന്നാലെ മാത്യു കുഴൽനാടനു മറുപടിയും നൽകി. എന്നാൽ, നികുതി അടച്ചതിന്‍റെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Trending

No stories found.

Latest News

No stories found.