പി.വി. അൻവറിന്‍റെ ആരോപണങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദന്‍; മുഖ്യമന്ത്രി ഡിജിപിയെ കണ്ടു

എഡിജിപി അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുന്നതിന് തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
will seriously look into the allegations of PV Anwar: MV Govindan
mv govindanfile
Updated on

കണ്ണൂർ: പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആവശ്യമായ രീതിയിലുള്ള ഗൗരവത്തോടുകൂടി, എല്ലാ വശങ്ങളും പരിശോധിച്ച ശേഷം നിടപടികൾ സ്വീകരിക്കുമെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഞായറാഴ്ചയാണ് എഡിജിപിക്കെതിരെ പി.വി. അൻവർ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയത്. എഡിജിപി എം.ആര്‍. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും, സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും, മുമ്പ് കസ്റ്റംസില്‍ ജോലി ചെയ്തിരുന്ന എസ്‌പി സുജിത് ദാസുമായി ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയിരുന്നതെന്നുമാണ് അന്‍വര്‍ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പരാജയമാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.

ഇതിനിടെ, കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസിൽ, മുഖ്യമന്ത്രി പിണറായി വിജയനുമായി പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി. എഡിജിപി എം.ആര്‍. അജിത് കുമാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായി. എഡിജിപി അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുന്നതിന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പി.വി. അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും വേദി പങ്കുവയ്ക്കുന്നുമുണ്ട്. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ചു പങ്കെടുക്കുക. ഇവർക്കു പുറമേ ഡിജിപി ഷെയ്ക്ക് ദർവേശ് സാഹിബും പരിപാടിയിൽ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.