

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2026-27ലെ ശൈത്യകാല ഷെഡ്യൂളിൽ ആഴ്ചയിൽ 644 വിമാന സർവീസുകൾ നടത്തും. വേനൽക്കാല ഷെഡ്യൂളിലെ 620 സർവീസുകളിൽ നിന്നാണ് വർധന. പുതിയ ലക്ഷ്യസ്ഥാനമായി റിയാദിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒക്റ്റോബർ 25 മുതൽ 2027 മാർച്ച് 27 വരെയാണ് ശൈത്യകാല ഷെഡ്യൂൾ. ഇതനുസരിച്ച് ആഭ്യന്തര വിമാന സർവീസുകൾ ആഴ്ചയിൽ 294ൽനിന്ന് 328 ആയി ഉയരും. 12 ശതമാനമാണ് വർധനയെന്ന് വിമാനത്താവള നടത്തിപ്പുകാരായ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പ്രസ്താവനയിൽ അറിയിച്ചു. പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 316 അന്താരാഷ്ട്ര വിമാന സർവീസുകളുമുണ്ടാകും.
ബഹ്റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള വിമാന ബന്ധവും മെച്ചപ്പെടും. കേരളത്തിലേക്കും മറ്റ് സ്ഥലങ്ങളിലേക്കുമുള്ള പ്രവേശന കവാടമെന്ന നിലയിൽ വിമാനത്താവളത്തിന്റെ പ്രാധാന്യം വർധിക്കുന്നതിന്റെ പ്രതിഫലനമാണ് പുതിയ ഷെഡ്യൂളെന്ന് അധികൃതർ പറഞ്ഞു.