നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ചു; യുവതി അറസ്റ്റിൽ

അക്ഷയ സെന്‍റർ‌ ജീവനക്കാരി ഗ്രീഷ്മയാണ് അറസ്റ്റിലായത്.
Woman arrested for making fake hall ticket for NEET exam

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ചു; യുവതി അറസ്റ്റിൽ

Updated on

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച അക്ഷയ സെന്‍റർ ജീവനക്കാരി പൊലീസ് കസ്റ്റഡിയിൽ. അക്ഷയ സെന്‍റർ‌ ജീവനക്കാരിയായ ഗ്രീഷ്മയാണ് അറസ്റ്റിലായത്. വിദ്യാർഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നൽകാൻ തന്നെ ഏൽപ്പിച്ചിരുന്നു. എന്നാൽ, അപേക്ഷിക്കാൻ മറന്നുപോയി. അതിനാലാണ് വ്യാജ ഹാൾ ടിക്കറ്റ് തയാറാക്കി നൽകിയതെന്ന് ഗ്രീഷ്മ പൊലീസിനു മൊഴി നൽകി.

നെയ്യാറ്റിൻകര സ്വദേശിയായ ഗ്രീഷ്മയെ പത്തനംതിട്ട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയ വിദ്യാർഥിക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ പരാതിയിലാണ് തിരുവനന്തപുരം പാറശാല സ്വദേശിയായ 20 വയസുകാരനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

നീറ്റിന് അപേക്ഷ നൽകാൻ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാൾ ടിക്കറ്റ് അയച്ചു കൊടുത്തതെന്നും, കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാർഥിയും അമ്മയും മൊഴി നൽകിയിരിക്കുന്നത്.

പത്തനംതിട്ടയിലെ തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർഥി പരീക്ഷയ്ക്ക് എത്തിയത്. തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു.

എന്നാൽ, ഒരു മണിക്കൂർ പരീക്ഷയെഴുതാൻ വിദ്യാർഥിയെ അനുവദിച്ചു. ഇതിനിടെ ഹാൾ ടിക്കറ്റിലെ റോൾ നമ്പറിൽ മറ്റൊരു വിദ്യാർഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്നു കണ്ടെത്തി. തുടർന്ന് പത്തനംതിട്ടയിലെ വിദ്യാർഥി പരീക്ഷ എഴുതുന്നത് നിർത്തിവെപ്പിച്ചു. അതിനു ശേഷമാണ് പൊലീസിൽ പരാതി നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com