

അമ്മ എഴുന്നേൽക്കുന്നില്ലെന്ന് മക്കൾ അയൽവാസികളെ അറിയിച്ചു; യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ, ഭർത്താവിനെ കാണാനില്ല
തൃശൂർ: യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ. മണലൂർ തൃക്കുന്ന് സ്വദേശി പുത്തൻപുരയ്ക്കൽ സലീഷിന്റെ ഭാര്യ നിഷമോളെ (35) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ എഴുന്നേൽക്കാത്തതിനെ തുടർന്ന് നിഷയുടെ മക്കളാണ് അയൽവാസികളെ വിവരം അറിയിച്ചത്. തുടർന്ന് അയൽക്കാരെത്തിയപ്പോൾ മുറിയിലെ കിടക്കയിൽ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് സലീഷിനെ കാണാനില്ല.
മണലൂർ ഗവ.ഐടിഐ റോഡിലെ വാടക വീട്ടിൽ നിഷയും സലീഷും രണ്ട് മക്കളുമാണ് താമസിച്ചിരുന്നത്. കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തിൽ ഒന്നര വർഷത്തിലേറെയായി സെയിൽസ് ജോലി ചെയ്തിരുന്ന നിഷ 2 ദിവസമായി അവധിയിലായിരുന്നു. ചാലക്കുടി സ്വദേശിനിയായ നിഷ നേരത്തേ വിവാഹിതയായിരുന്നു. ഭർത്താവ് മരിച്ചതോടെയാണ് സലീഷിനെ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹത്തിലെ കുട്ടികളാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്.
അന്തിക്കാട് പൊലീസ് സലീഷിനെ പലതവണ ഫോണിൽ വിളിച്ചുവെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ മരണകാരണം പറയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. സലീഷ് വരാതിരുന്നതിനെ തുടർന്ന് വൈകിട്ട് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിഷയെ സലീഷ് മർദിക്കാറുണ്ടെന്നും പൊലീസിൽ നേരത്തേ പല തവണ പരാതി നൽകിയിട്ടുണ്ടെന്നും പറയുന്നു. മക്കൾ: വൈഗ, വേദ.