woman found dead in train

ഉറങ്ങുകയാണെന്ന് കരുതി, വിളിച്ചിട്ടും ഉണരാതിരുന്നതോടെ സംശയംതോന്നി; ട്രെയിനിനുള്ളിൽ‌ യുവതി മരിച്ച നിലയിൽ

File

ഉറങ്ങുകയാണെന്ന് കരുതി, വിളിച്ചിട്ടും ഉണരാതിരുന്നതോടെ സംശയംതോന്നി; ട്രെയിനിനുള്ളിൽ‌ യുവതി മരിച്ച നിലയിൽ

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
Published on

കൊച്ചി: ട്രെയിനിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കാരയ്ക്കലിൽ നിന്നെത്തിയ ട്രെയിനിനുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ ഇസൈവാണി കുഞ്ഞിപ്പിള്ള എന്ന യുവതിയാണ് മരിച്ചത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിളിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് യാത്രക്കാർ റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

രാവിലെ 6.45ഓടെയാണ് 16187 കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് രാവിലെ 7.45ന് ഈ ട്രെയിനാണ് എറണാകുളം-കോട്ടയം പാസഞ്ചറായി സർവീസ് നടത്തുന്നത്. കോട്ടയത്തേക്ക് യാത്ര ചെയ്യാനുള്ള യാത്രക്കാർ എത്തിയപ്പോഴാണ് എസ്4 കോച്ചിലാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉറങ്ങുകയാണെന്നു കരുതിയെങ്കിലും പിന്നീട് സംശയം തോന്നിയതോടെ റെയിൽ വേ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് യില്‍വെ പൊലീസിന്‍റെ വൈദ്യസംഘം പരിശോധിച്ച ശേഷം ഉടൻ തന്നെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.

ഇവർ ഒറ്റയ്ക്കാണ് സഞ്ചരിച്ചത് എന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം അറിയാൻ സാധിക്കൂ എന്നും മറ്റു കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.

logo
Metro Vaartha
www.metrovaartha.com