
യുവതി കിണറ്റിൽ ചാടി; രക്ഷാപ്രവർത്തനത്തിനിടെ മൂന്നു പേർക്കു ദാരുണാന്ത്യം
കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേർക്കു ദാരുണാന്ത്യം. കൊട്ടാരക്കര ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥൻ സോണി എസ് കുമാർ (36), നെടുവത്തൂർ സ്വദേശി അർച്ചന (33), യുവതിയുടെ സുഹൃത്ത് കൊടുങ്ങല്ലൂർ സ്വദേശി ശിവകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിന്‍റെ കൽക്കെട്ട് ഇടിഞ്ഞാണ് അപകടം.
ഹോം നഴ്സായി ജോലി ചെയ്തിരുന്ന അർച്ചനയ്ക്കൊപ്പം കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപാണ് ശിവകൃഷ്ണൻ താമസം തുടങ്ങിയത്. ഇവർ തമ്മിലുളള തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച പുലർച്ചെ 12.15 ഓടെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് അപകട വിവരം ലഭിക്കുന്നത്. ഉദ്യോഗസ്ഥർ എത്തിയപ്പോൾ അമ്മ കിണറ്റിൽ വീണ വിവരം മക്കളാണ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
തുടർന്ന് സോണി രക്ഷാപ്രവർത്തനം ആരംഭിക്കുകയും, റോപ് ഉപയോഗിച്ച് താഴെയിറങ്ങുകയുമായിരുന്നു. എന്നാൽ യുവതിയെ മുകളിലേക്ക് കയറ്റുന്നതിനിടെ കിണറിന്‍റെ കൽക്കെട്ട് ഇടിയുകയും ഇരുവരും കിണറിലേക്ക് തന്നെ വീഴുകയായിരുന്നു. കിണറിന്‍റെ സമീപം നിന്ന ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു.
ഉദ്യോഗസ്ഥനെ ഉടനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. യുവതിയുടെയും യുവാവിന്‍റെയും മൃതദേഹം രണ്ടു മണിക്കൂറുകൾക്ക് ശേഷമാണ് ലഭിച്ചത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂന്നു കുട്ടികളുടെ അമ്മയാണ് യുവതി.