സ്ത്രീ വിരുദ്ധമായ മനസുകൾ വനിതകൾക്കിടയിലുമുണ്ട്, പുരുഷ വിദ്വേഷ സംവിധാനങ്ങളല്ല വനിത കമ്മിഷനുകൾ: പി. സതീദേവി

സമൂഹത്തിൽ എല്ലാവരും തുല്യരാണ് എന്ന് ഭരണഘടനയിൽ എഴുതിവെച്ചത് കൊണ്ട് മാത്രം അത് കൈവരിക്കാനാവില്ല
women commission is not against men says p sathidevi
P Sathidevi file image
Updated on

തിരുവനന്തപുരം: പുരുഷ വിദ്വേഷ സംവിധാനങ്ങളല്ല വനിത കമ്മീഷനുകളെന്ന് കേരള വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച പോഷ് ആക്ട് 2013 ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീദേവി.

''സ്ത്രീവിരുദ്ധ സമീപനങ്ങൾക്ക് എതിരായാണ് വനിത കമ്മിഷനുകൾ നിലകൊള്ളുന്നത്. സ്ത്രീവിരുദ്ധമായ സമീപനങ്ങൾ സ്വീകരിക്കുന്ന മനസുകൾ വനിതകൾക്കിടയിലുമുണ്ട്. സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതൽ എത്തുന്നത് വനിതകളാണ്. അവർക്കെതിരെയും കേസ് ഉണ്ടാവുന്നുണ്ട്. സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കേസെടുക്കുവാനായി സ്ത്രീപക്ഷ നിയമങ്ങൾ ഉണ്ടാകുമ്പോൾ, ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ കമ്മീഷൻ ചെയ്യുന്നത്'' സതീദേവി പറഞ്ഞു.

സമൂഹത്തിൽ എല്ലാവരും തുല്യരാണ് എന്ന് ഭരണഘടനയിൽ എഴുതിവെച്ചത് കൊണ്ട് മാത്രം അത് കൈവരിക്കാനാവില്ല. അതിനാലാണ് ഭരണഘടന ശില്പികൾ ആലോചിച്ച് ആർട്ടിക്കിൾ 15 ന് മൂന്നാം ഉപ വകുപ്പ് ചേർത്തത്. ഒരു വിഭാഗം ഏതെങ്കിലും തരത്തിൽ ചൂഷണമോ വിവേചനമോ അരികുവത്കരിക്കപ്പെടുന്നതായോ ചെയ്യുന്നതായി കണ്ടെത്തിയാൽ അത് പരിഹരിക്കുന്നതിന് ആവശ്യമായ നിയമ നിർമ്മാണം നടത്താൻ പാർലമെന്‍റിനും നിയമസഭകൾക്കും അധികാരം നൽകുന്നതാണ് മൂന്നാം ഉപവകുപ്പ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷനുകൾ ദേശീയ-സംസ്ഥാന തലങ്ങളിൽ രൂപീകരിക്കപ്പെട്ടത്.

സ്വന്തം വീട്ടുമുറ്റത്തെ പുല്ലുപോലും പറിക്കാൻ സ്ത്രീകൾക്ക് കഴിയില്ലെന്ന് ഒരുകൂട്ടം ചിന്തിക്കുന്ന കാലത്താണ് പാർലമെന്‍റിൽ തൊഴിലുറപ്പ് പദ്ധതിയുടെ ബില്ല് അവതരിപ്പിക്കുന്നത്. അന്ന് സ്ത്രീകളടക്കം എല്ലാവർക്കും അക്കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് രാജ്യത്തിന്‍റെ വികസനത്തിൽ തങ്ങൾക്കും പങ്കുവഹിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഈ പദ്ധതിയിലൂടെ വനിതകൾക്ക് ലഭിച്ചു. ഏതു തൊഴിലും തനിക്ക് ചെയ്യാൻ കഴിയുമെന്ന് സ്ത്രീകൾ തെളിയിച്ചു കഴിഞ്ഞു. എന്നാൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ ഇന്നും വർധിച്ച് വരികയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com