സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സാംസ്കാരികമായി മുന്നേറണം: ഡോ.എൻ ജയരാജ്

സംസ്‌കാരിക വകുപ്പിന്റെ സമം പരിപാടിയുടെ ഭാഗമായി കോട്ടയം സി.എം.എസ് കോളെജിൽ നടക്കുന്ന സാംസ്‌കാരികോത്സവത്തിലെ സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള  പ്രവർത്തനങ്ങൾ സാംസ്കാരികമായി മുന്നേറണം: ഡോ.എൻ ജയരാജ്

കോട്ടയം: സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള ഏതു പ്രവർത്തനവും സാംസ്കാരികമായി മുന്നേറിയാലേ അർഥപൂർണമാകൂവെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ്. അതിനാലാണ് സമം പോലുള്ള പരിപാടികൾ സർക്കാർ മുൻ കൈയെടുത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരിക വകുപ്പിന്റെ സമം പരിപാടിയുടെ ഭാഗമായി കോട്ടയം സി.എം.എസ് കോളെജിൽ നടക്കുന്ന സാംസ്‌കാരികോത്സവത്തിലെ സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോട്ടയം ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാന സാക്ഷരതാമിഷൻ അഥോറിറ്റിയും സംയുക്തമായാണ് സമം സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്ക് സംഘടിച്ച് നിൽക്കാനാവില്ലെന്ന് അടക്കം പറഞ്ഞു നടന്ന കാലഘട്ടത്തിൽ നിന്ന് കുടുംബശ്രീ പോലുള്ള ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായി സ്ത്രീകൾ മാറുന്നത് കേരളം കണ്ടുവെന്നും ഡോ.എൻ ജയരാജ് പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ടി.എൻ ഗിരീഷ് കുമാർ, അംഗങ്ങളായ നിർമ്മല ജിമ്മി, പി.കെ വൈശാഖ്, വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം, സർവ വിജ്ഞാനകോശം ഡയറക്റ്റർ ഡോ. മ്യൂസ് മേരി ജോർജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ ഡോ. എം. സത്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ ബി.ശശികുമാർ, സന്ദീപ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സാംസ്‌കാരിക സമ്മേളനത്തിന് മുമ്പായി നാടകം ഷീ ആർക്കൈവ്‌സും സമ്മേളന ശേഷം കോഴിക്കോട് വി. ബാൻഡ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

ലിംഗസ്വത്വം - വ്യത്യസ്തതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രൊഫ. ഡോ. അജു കെ. നാരായണൻ, ശ്യാമ എസ്.പ്രഭ, ഡോ.രേഖാ രാജ്, രമ്യ കെ.ജയപാലൻ എന്നിവർ പങ്കെടുത്തു. എഴുത്ത്, സ്ത്രീജീവിതം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ.ജിസ ജോസ്, ഡോ. മിനി ആലീസ്, പി.ബിന്ദു എന്നിവർ പങ്കെടുത്തു. സ്ത്രീപക്ഷസിനിമകളുടെ പ്രദർശനവും നടന്നു. തുടർന്ന് നടന്ന ചർച്ചയിൽ പാർവതി ചന്ദ്രൻ, അഗത കുര്യൻ, ഹേന ദേവദാസ്, പ്രദീപ് നായർ, പി.പ്രവീൺ എന്നിവർ പങ്കെടുത്തു.

സമം സാംസ്‌കാരികോത്സവം ശനിയാഴ്ച സമാപിക്കും. രാവിലെ 11.15 മണിക്കു നടക്കുന്ന ലിംഗസമത്വവും തുടർവിദ്യാഭ്യാസവും എന്ന ചർച്ച സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. വി.വി മാത്യു നയിക്കും. സംസ്കാരിക സമ്മേളനത്തിനുശേഷം കോട്ടയം വനിതാസാഹിതി അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങേറും. വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സഹകരണ- രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ അധ്യക്ഷനായിരിക്കും. തോമസ് ചാഴികാടൻ എം.പിയും എസ്. ശാരദക്കുട്ടിയും വിശിഷ്ടാതിഥികളാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com