ഏകതാ പ്രതിമ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ സംഘം

മൂന്ന് വനിതാ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാന്‍റീനുകൾ, കഫേകൾ, ഷോപ്പുകൾ എന്നിവ സ്ത്രീ ശാക്തീകരണത്തിന്‍റെ ഉദാഹരണമായി ഇവിടെ നിലകൊള്ളുന്നു
Women media team from Kerala visits Statue of Unity
ഏകതാ പ്രതിമ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള വനിത മാധ്യമ സംഘം
Updated on

അഹമ്മദാബാദ്: കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ സംഘം ഗുജറാത്തിലെ കേവാഡിലുള്ള ഏകതാ പ്രതിമ സന്ദർശിച്ച് ഒരാഴ്ചത്തെ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചു. ഗുജറാത്തിന്‍റെ വൈവിധ്യമാർന്ന സംസ്‌കാരവും വികസനക്കുതിപ്പും അടുത്തറിയാൻ ലക്ഷ്യമിട്ടുള്ള പര്യടനത്തിന്‍റെ ആദ്യ ദിനത്തിലാണ് മാധ്യമ സംഘം ഏകതാ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) സന്ദർശിച്ചത്. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 16നാണ് ഗുജറാത്തിലേക്ക് വനിതാ മാധ്യമ പ്രവർത്തകരുടെ സംഘം പുറപ്പെട്ടത്.

രാജ്യത്തെ ഏകീകരിക്കുന്നതിൽ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന ആദ്യ ഉപ പ്രധാനമന്ത്രി സർദാർ വല്ലഭ ഭായ് പട്ടേലിന്‍റെ പങ്കിനുള്ള ആദരവിന്‍റെ പ്രതീകമായാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി 182 മീറ്റർ ഉയരമുള്ള ഏകതാ പ്രതിമ നിലകൊള്ളുന്നത്. കഴിഞ്ഞ വർഷം സ്മാരകം സന്ദർശിച്ചത് 5.1 ദശലക്ഷം ആളുകളാണ്.

സ്റ്റാച്യു ഓഫ് യൂണിറ്റി അഥോറിറ്റിയുടെ സിഇഒ ഉദിത് അഗർവാളിനെ സംഘാംഗങ്ങൾ സന്ദർശിച്ചു. പ്രതിമയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രതിമയുടെ പരിസരങ്ങളിലുള്ള വികസന പദ്ധതികളെക്കുറിച്ചും ഉള്ള ഉൾക്കാഴ്ചകൾ അദ്ദേഹം പങ്കിട്ടു.

മൂന്ന് വനിതാ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാന്‍റീനുകൾ, കഫേകൾ, ഷോപ്പുകൾ എന്നിവ സ്ത്രീ ശാക്തീകരണത്തിന്‍റെ ഉദാഹരണമായി ഇവിടെ നിലകൊള്ളുന്നു. കേരളത്തിന്‍റെ കുടുംബശ്രീ സംരംഭത്തിന്‍റെ മാതൃകയിലാണ് ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതെന്നും, ഈ പ്രദേശത്തെ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും സംരംഭകത്വ അവസരങ്ങളും പ്രദാനം ചെയ്യുന്ന ഇവ ഏകതാ നഗറിന്‍റെ വിജയഗാഥയുടെ അവിഭാജ്യ ഘടകമാണെന്നും അഗർവാൾ പറഞ്ഞു. സ്റ്റാച്യു ഓഫ് യൂണിറ്റി അഥോറിറ്റിയാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള ആദ്യ അഥോറിറ്റിയെന്നും ഈ മാതൃക കേരളത്തിന് പിന്തുടരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുസ്ഥിരതയിലും ജൈവ വൈവിധ്യത്തിലും ശ്രദ്ധ ഊന്നിയുളള ഒരു വലിയ സംരംഭത്തിന്‍റെ ഭാഗമായാണ് ഏകതാ നഗറിൽ സ്ഥിതി ചെയ്യുന്ന ഈ സ്മാരകം നിലകൊള്ളുന്നത്. ഹരിത സമ്പത്തിന്‍റെ പ്രോത്സാഹനം ലക്ഷ്യമിട്ടുള്ള 26 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടങ്ങുന്നതാണ് സ്മാരകം. ഈ നയങ്ങൾക്ക് ശക്തി പകരാനായി 30 ഇലക്‌ട്രിക് ബസുകളും 85 ഇ- റിക്ഷകളും ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭകത്വത്തിനുമുള്ള നിക്ഷേപവും മേഖലയുടെ സവിശേഷതയാണ്. വാട്ടർ പാർക്ക്, ലക്ഷ്വറി ക്രൂയിസ്, ഡാം എക്സ്പീരിയൻസ് സെന്‍റർ എന്നിവ ഇവിടെ വരാനിരിക്കുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു.

സുസ്ഥിരതയിലും പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ സാംസ്കാരിക സ്ഥലങ്ങളും വികസന സംരംഭങ്ങളും സന്ദർശിച്ച് അടുത്ത ദിവസങ്ങളിൽ സംഘം ഗുജറാത്തിൽ യാത്ര തുടരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com