

കൊച്ചി: സ്ത്രീകൾക്കെതിരേ വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് കാന്തപുരം പറഞ്ഞത്. കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിലാണ് കാന്തപുരത്തിന്‍റെ വിവാദ പരാമർശം.
"ഖുറാൻ പഠിപ്പിക്കുന്നത് സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണം. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുത് എന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അന്യപുരുഷന്മാർക്കിടയിൽ അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇസ്ലാം പർദ ഏർപ്പെടുത്തിയത്. മതം പഠിപ്പിക്കുന്നത് ഇതാണ്.
എന്‍റെ പരാമർശങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താലോ വിമർശിച്ചാലോ പേടിച്ച് ഓടില്ല. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ കാന്തപുരത്തിന് എന്താണ് അധികാരം എന്ന് മറ്റു ചില സംഘടനകൾ ചോദ്യം ചെയ്യാറുണ്ട്. എന്നാൽ മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് ഞങ്ങൾ. അതിനാൽ തന്നെ മുസ്ലിം സമുദായത്തോട് ഇക്കാര്യങ്ങൾ പറയാനുള്ള അവകാശമുണ്ട്", എന്നാണ് കാന്തപുരം പ്രതികരിച്ചത്.