ആക്രി പെറുക്കാനെന്ന വ്യാജേന വീടുകളിലും സ്ഥാപനങ്ങളിലും കയറി മോഷണം; കളമശേരിയിൽ നാടോടി സ്ത്രീകൾ പിടിയിൽ

തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ കാളിയമ്മ, ജ്യോതി, നാഗമ്മ എന്നിവരാണ് പിടിയിലായത്
womens arrested for theft case in Kalamasery
കാളിയമ്മ, ജ്യോതി, നാഗമ്മ
Updated on

കളമശേരി: ആക്രി പെറുക്കാനെന്ന വ്യാജന വീടുകളിലും സ്ഥാപനങ്ങളിലും കയറി മോഷണം നടത്തുന്ന നാടോടി സ്ത്രീകൾ കളമശേരി പൊലീസിന്‍റെ പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ കാളിയമ്മ, ജ്യോതി, നാഗമ്മ എന്നിവരാണ് പിടിയിലായത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. ആക്രി പെറുക്കാൻ എന്ന വ്യാജേന വീടുകളിലെയും സ്ഥാപനങ്ങളിലെയും പരിസരത്തെത്തി നിരീക്ഷണം നടത്തിയ ശേഷം ആളില്ലാത്ത സമയം കൂട്ടത്തോടെ എത്തി അവിടെയുള്ള വിലപിടിപ്പുള്ള സാധനസാമഗ്രികൾ മോഷണം നടത്തി കടന്നു കളയുകയാണ് ഇവരുടെ രീതി.

മെയ് 23 വ്യാഴാഴ്ച ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപം സാനിറ്ററി ഉൽപ്പന്നങ്ങൾ വിൽക്കുന്ന എബിസി എംപോറിയം എന്ന സ്ഥാപനത്തിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുതുതായി വന്ന ബാത്റൂം ഫിറ്റിംഗ് ഉൽപ്പന്നങ്ങൾ ഡിസ്പ്ലേക്ക് വെക്കുന്നതിനു മുന്നോടിയായി കടയുടെ പുറത്ത് ജനറേറ്റർ റൂമിനോട് ചേർന്നുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്നു. ഡിസ്പ്ലേ വെക്കുന്നതിനായി വ്യാഴാഴ്ച സാധനങ്ങൾ എടുക്കാൻ വന്നപ്പോഴാണ് ഇവ നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് നാല് നാടോടി സ്ത്രീകൾ പലപ്പോഴായി വന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതായി കാണുന്നത്. ഏകദേശം 3.5 ലക്ഷം രൂപയുടെ ബാത്റൂം ഫിറ്റിങ്ങുകൾ ആണ് ഇവർ മോഷണം നടത്തിയത്.

മോഷണ വിവരം അറിഞ്ഞ കളമശേരി പോലീസ് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ സ്കോഡുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയും, മോഷണം നടത്തിയ നാടോടി സ്ത്രീകളായ മൂന്നു പേരെ ആലുവ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണം നടത്തിയ ഇവരുടെ തന്നെ കൂട്ടത്തിലുള്ള ഒരു നാടോടി സ്ത്രീക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കളമശേരി ഇൻസ്പെക്ടർ പ്രദീപ് കുമാർ, സബ് ഇൻസ്പെക്ടർ തോമസ് അബ്രഹാം, സിപിഒ മാരായ മാഹിൻ, അരുൺ കുമാർ, ഡ്രൈവർ സി പി ഒ ആദർശ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കളമശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com