മന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം: കെ.എം. ഷാജിക്കെതിരേ കേസെടുത്ത് വനിതാ കമ്മിഷൻ

അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി അറിയിച്ചു.
 മന്ത്രി വീണാ ജോർജ്, കെ.എം. ഷാജി
മന്ത്രി വീണാ ജോർജ്, കെ.എം. ഷാജി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി അറിയിച്ചു.

മന്ത്രി വീണാ ജോര്‍ജിനെതിരേ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. കര്‍മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാഷ്‌ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിര‌േ ശക്തമായ പ്രതിഷേധമുയര്‍ന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയില്‍ ഉപയോഗിച്ച 'സാധനം' എന്ന വാക്കു തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാന്‍. മുന്‍പ് നമ്പൂതിരി സമുദായത്തിനിടയില്‍ ഉണ്ടായിരുന്ന സ്മാര്‍ത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയില്‍ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു 'സാധനം'എന്നത്. ഷാജിയെ പോലെയുള്ളവരുടെ മനസില്‍ നിന്നും തികട്ടിവരുന്ന ഫ്യൂഡല്‍ മാടമ്പിത്തരത്തിന്‍റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ആധുനിക കാലത്തും പിന്തിരിപ്പന്‍ ചിന്താഗതി പുലര്‍ത്തുന്ന ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താന്‍ നമ്മുടെ സമൂഹം തയാറാവണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

അന്തവും കുന്തവുമില്ലാത്ത ഒരു വിവരവുമില്ലാത്ത വ്യക്തിയാണു കേരളത്തിന്‍റെ ആരോഗ്യവകുപ്പിന്‍റെ തലപ്പത്തുളള മന്ത്രി, എന്ത് മാറ്റമാണ് സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളിൽ ഉണ്ടായിട്ടുള്ളത് എന്നായിരുന്നു കെ.എ. ഷാജിയുടെ പരാമർശം.

ഈ പരാമർശത്തിനെതിരേ പ്രതിഷേധവുമായി നേതാക്കൾ രംഗത്തെത്തി. ഷാജിയുടെ പ്രസ്താവന അപലപനീയമെന്ന് പി. കെ. ശ്രീമതി പറഞ്ഞു. ഷാജി മാപ്പ് പറയണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു. മന്ത്രി ബിന്ദുവും ഷാജിയുടെ പരാമർശത്തിനെതിരേ രംഗത്തെത്തിയിരുന്നു.

പ്രാഗത്ഭ്യവും നേതൃപാടവവും മികച്ച നിലയിൽ തെളിയിച്ച വനിതാരത്നമാണു വീണയെന്നും, ഷാജിയും അദ്ദേഹത്തിന്‍റെ പാർട്ടിയും വെറും സാധനങ്ങൾ മാത്രമായാണ് സ്ത്രീകളെ കാണുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി വ്യക്തമാക്കി. ഷാജി കുശുമ്പു കുത്തുന്നത് കാണുമ്പോൾ, ആ വിരോധാഭാസത്തിൽ സ്വബോധമുള്ളവർക്ക് പ്രതികരിക്കാതിരിക്കാനാവില്ല എന്നു മന്ത്രി വ്യക്തമാക്കി.

ഡിവൈഎഫ്ഐ, എഐവൈഎഫ് തുടങ്ങിയ സംഘടനകളും ഷാജിയുടെ പ്രസ്താവനക്കെതിരേ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com