'ചെമ്മീൻ' വിവർത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു

തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെന്‍ററികളും നിര്‍മ്മിച്ചിട്ടുണ്ട്.
തക്കാക്കോ
തക്കാക്കോ

കൊച്ചി: തകഴിയുടെ 'ചെമ്മീന്‍' എന്ന നോവലും കഥകളും ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. ഇന്നലെ രാവിലെ 11ന് കൂനമ്മാവിലെ വസതിയിലായിരുന്നു അന്ത്യം. തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെന്‍ററികളും നിര്‍മ്മിച്ചിട്ടുണ്ട്. 1967-ല്‍ ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് മുല്ലൂരിനെ വിവാഹം കഴിച്ചാണ് ജപ്പാനിലെ ഇറ്റാമിയ സ്വദേശിനിയായ തക്കാക്കോ കേരളത്തിലെത്തുന്നത്. കൂനന്മാവ് കോണ്‍വെന്‍റിലെ സിസ്റ്റര്‍ ഹിലാരിയാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്. അഞ്ചാംക്ലാസിലെ മലയാളം പാഠാവലിവെച്ചാണ് പഠനം തുടങ്ങിയത്. ഭര്‍ത്താവ് തോമസിന്‍റെ ബന്ധുക്കളുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ മലയാളം വേഗം പഠിച്ചെടുക്കാനായി. പിന്നീട് എല്ലാ മലയാളം പുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി. തക്കാക്കോയ്ക്ക് ചെമ്മീന്‍ നോവല്‍ പരിചയപ്പെടുത്തിയത് തോമസ് മുല്ലൂരാണ്. ചെമ്മീന്‍റെ ഇംഗ്ലീഷ് കോപ്പിയാണ് ആദ്യം നല്‍കിയത്.

തുടര്‍ന്നാണ് മലയാളത്തിലുള്ള നോവല്‍ വായിക്കുന്നത്. പുസ്തകം വായിച്ചു തീര്‍ത്തപ്പോള്‍ തന്നെ തന്‍റെ നാടിനെ അത് പരിചയപ്പെടുത്തണമെന്ന ആശ മനസ്സില്‍ ഉദിച്ചു. അങ്ങനെ തകഴിയെ നേരില്‍ കണ്ട് അനുമതി വാങ്ങി. 1976-ല്‍ പരിഭാഷയും പൂര്‍ത്തിയാക്കി. എബി എന്ന പേരില്‍ തയ്യാറാക്കിയ പരിഭാഷ പക്ഷേ, പുസ്തക രൂപത്തില്‍ ഇറക്കണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാനായില്ല.

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഗസ്റ്റ് ലക്ചററായി 16 വര്‍ഷത്തോളം ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫോറിന്‍ലാംഗ്വേജില്‍ ജോലിചെയ്തിരുന്നു തക്കാക്കോ. പിന്നീട് ദ്വിഭാഷിയായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ മൂന്നുവര്‍ഷവും ജോലി ചെയ്തു. തോമസ്-തക്കാക്കോ ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. ഒരു മകള്‍ കാനഡയിലാണ്. രണ്ടാമത്തെ മകള്‍ കേരളത്തിലുണ്ട്. മകന്‍ മര്‍ച്ചന്‍റ് നേവിയിലാണ് ജോലി ചെയ്യുന്നത്..

ഏതാനും വര്‍ഷം മുമ്പ് ബസ് യാത്രയ്ക്കിടെ ഉണ്ടായ അപകടത്തില്‍പ്പെട്ട് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com