

ആത്മവിശ്വാസത്തോടെ എഐസിസി; പിഴക്കാത്ത കണക്കുകൂട്ടലുകളുമായി യുഡിഎഫ് -കെ.ബി.ജയചന്ദ്രൻ
യുഡിഎഫ് അധികാരത്തിലേറാൻ ഒരുങ്ങുമ്പോൾ ആരു മുഖ്യമന്ത്രിയാകുമെന്ന ചോദ്യം ശക്തമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്നു നേതാക്കളും അവരവരുടെ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവരാണെന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ മൂന്നുപേരുടെയും കഴിവും വൈദഗ്ധ്യവും ഇഴകീറി പരിശോധിച്ച് ഏറ്റവും മികച്ചത് ആയിരിക്കും കണ്ടെത്തുന്നത്. 2011 ൽ ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോഴും 2016 രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തപ്പോഴും 2021ൽ സതീശനെ തെരഞ്ഞെടുത്തപ്പോഴും കണക്കുകൂട്ടലുകൾ തെറ്റിയിട്ടില്ല.
അതുകൊണ്ടുതന്നെ 2026 മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനും കൃത്യമായും ഉചിതമായും തീരുമാനങ്ങൾ എടുക്കും. സമ്മർദത്തിന്‍റെ തന്ത്രത്തിലൂടെ ഹൈക്കമാൻഡിനെ വരുതിയിലാക്കാം കഴിയില്ലെന്നത് കെ സുധാകരന്‍റെ സ്ഥാനാർഥി സ്വപ്നങ്ങൾക്ക് തടയിട്ടു കൊണ്ട് ഇത്തവണ യുഡിഎഫ് തെളിയിച്ചതാണ്. കോൺഗ്രസ് മത്സരിച്ച 93 മണ്ഡലങ്ങൾ ഉൾപ്പെടെ യുഡിഎഫ് മത്സരിച്ച 140 സീറ്റുകളിലും ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്നില്ല. ഓരോ മണ്ഡലത്തിലും വിജയിച്ച ജനപ്രതിനിധികൾ അവരവരുടെ വ്യക്തിപ്രഭാവവും നിലപാടും മറ്റു ഘടകങ്ങളും കൊണ്ട് തെരഞ്ഞെടുക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങൾക്ക് ആ മണ്ഡലത്തിന്‍റെ പൊതുവായ സ്വഭാവം കൂടി ഉണ്ടാകും. അവയും പരിഗണിച്ചുവേണം മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്താൻ.
ഈ തിരഞ്ഞെടുപ്പിൽ മറ്റാരെക്കാളും ഏറ്റവും കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചത് എഐസിസി നേതൃത്വം ആയിരുന്നുവെന്നതിൽ തർക്കമില്ല. എല്ലാ മണ്ഡലങ്ങളിലും നിരീക്ഷരെ വച്ച് പ്രശ്നങ്ങൾ പഠിച്ചും പരിഹരിച്ചുമാണ് വിജയം സ്വന്തമാക്കിയത്. എ ഐസി സി വിജയിക്കുമെന്ന് നിർദ്ദേശിച്ച മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന് വിശ്വസിച്ചവരാണ് കോൺഗ്രസിൽ ഭൂരിഭാഗവും. തൃക്കരിപ്പൂർ സന്ദീപ് വാര്യർ,കണ്ണൂർ ടി. ഒ. മോഹനൻ,എലത്തൂർ വിദ്യാ ബാലകൃഷ്ണൻ,ബാലുശ്ശേരി വി.ടി. സൂരജ്, നാദാപുരം കെ.എം. അഭിജിത്ത്, കോഴിക്കോട് നോർത്ത് കെ. ജയന്ത് ,തവനൂർ വി.എസ്. ജോയ്,ആലപ്പുഴ എ.ഡി. തോമസ്, പാലക്കാട് രമേഷ് പിഷാരടി,ചിറ്റൂർ സുമേഷ് അച്യുതൻ,തൃശ്ശൂർ രാജൻ പല്ലൻ, കൊടുങ്ങല്ലൂർ ഒ. ജെ. ജനീഷ് ,പെരുമ്പാവൂർ മനോജ് മൂത്തേടൻ , തൃപ്പുണിത്തുറ ദീപക് ജോയ്, കൊച്ചി മുഹമ്മദ് ഷിയാസ്, ഏറ്റുമാനൂർ നാട്ടകം സുരേഷ്, വൈക്കം കെ. ബിനിമോൻ ,പൂഞ്ഞാർ എം. ജെ. സെബാസ്റ്റ്യൻ, കായംകുളത്ത് എം. ലിജു, റാന്നി പഴകുളം മധു ,ചടയമംഗലം എം. എം. നസീർ, വാമനപുരം സുധീർഷാ പാലോട്, നെയ്യാറ്റിൻകര എൻ ശക്തൻ, ചിറയിൻകീഴ് രമ്യ ഹരിദാസ്, കൊല്ലം ബിന്ദു കൃഷ്ണ എന്നിവരെല്ലാം എഐസിസി നിർദേശിച്ചവരായിരുന്നു.
അതിനു പുറമേ കെ.സി. വേണുഗോപാൽ മുൻകൈയെടുത്ത് സിപിഎമ്മിന്‍റെ വിമതരായ നേതാക്കളെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിച്ചതും യുഡിഎഫിന് ഗുണം ചെയ്തു.സിപിഎം വിട്ടു വന്ന നേതാക്കളായ ജി. സുധാകരനെ അമ്പലപ്പുഴയിലും ,വി കുഞ്ഞികൃഷ്ണനെ പയ്യന്നൂരിലും , ടി.കെ. ഗോവിന്ദനെ തളിപ്പറമ്പിലും പിന്തുണച്ചപ്പോൾ തോൽക്കുമെന്ന് അടക്കം പറഞ്ഞവരാണ് കോൺഗ്രസിലേറയും. എന്നാൽ ഫലം വന്നപ്പോൾ അവരെല്ലാം വിജയിച്ചു. ഇവരെല്ലാം വിജയിച്ച വരുമെന്ന് എഐസിസിയുടെ കണക്കുകൂട്ടലുകളും കൃത്യമായിരുന്നു. 95 മുതൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരും എന്നുള്ളതായിരുന്നു എഐസിസിയുടെയും കണക്കുകൂട്ടൽ. 2021ൽ എ ഐ സി സി പുതിയ ഒരു പ്രതിപക്ഷ നേതാവിനെ നിയോഗിച്ചത് അന്നത്തെ സ്ഥിതിഗതികൾ വിലയിരുത്തിയാണ്. അതിന്‍റെ അർത്ഥം എടുക്കുന്ന തീരുമാനങ്ങൾ തെറ്റാറില്ല എന്നതാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷ നേതൃത്വ പദവിയിലിരിക്കുന്നതിനേക്കാൾ ഭാരിച്ച ഉത്തരവാദിത്വം വഹിക്കേണ്ട മുഖ്യമന്ത്രി പദവിയിലേക്ക് ഒരാളെ തിരഞ്ഞെടുക്കുമ്പോൾ ഭരണപരിചയം, സംഘടനാ വൈദഗ്ധ്യം, സോഷ്യൽ എൻജിനീയറിങ് മികവ്, മുന്നണിയിലെയും പാർട്ടിയിലെയും എല്ലാവരെയും ഏകോപിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവ് എന്നിവയെല്ലാം പരിഗണിക്കും. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നിരവധി മണ്ഡലങ്ങളിൽ സിപിഎം വോട്ട് കിട്ടിയിട്ടുണ്ട്. സിപിഎമ്മിനെ നിരന്തരം വിമർശിക്കുന്ന സതീശനെ കണ്ടിട്ടല്ല അവർ വോട്ട് യുഡിഎഫിന് നൽകിയത്. 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫിന്‍റെ വിജയത്തിൽ നിർണായക ഘടകം സിപിഎം വോട്ടിന്‍റെ വരവാണെന്നാണ് വിലയിരുത്തൽ.