
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒരു കോടിയോളം വിലവരുന്ന എക്സ്റേ യൂണിറ്റ് എലി കടിച്ചുനശിപ്പിച്ചതായി ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്. സൗജന്യമായി ലഭിച്ച 92.63 ലക്ഷം രൂപയുടെ യൂണിറ്റ് മതിയായ സുരക്ഷയില്ലാതെ സൂക്ഷിച്ചതാണ് ഇതിനു കാരണമായത്.
2021 മാർച്ച് 3 നാണ് സംസങ് കമ്പനി പോർട്ടബിൾ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നൽകിയത്. അതേവർഷം ഒക്‌ടോബർ 21 ന് തന്നെ എലികടിച്ച് യൂണിറ്റ് കേടായി. ഒരു തവണപോലും ഉപയോഗിക്കാനാവാതെ ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടാണ് എക്സ്റേ യൂണിറ്റ് നശിച്ചത്.
വ്യാപകമായ പരാതി ഉയർന്നതോടെയാണ് ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് എലി കരണ്ടതാണ് പ്രശ്നകാരണമെന്ന് കണ്ടെത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. കേടായ യൂണിറ്റ് നന്നാക്കണമെങ്കിൽ 30 ലക്ഷം രൂപ ചെലവഴിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.