വെള്ളാപ്പള്ളി രക്ഷപെടാൻ പിണറായിയെയും ബിജെപിയും സ്വാധീനിച്ചു: വി.എം. സുധീരൻ

മൈക്രോ ഫിനാൻസ് കേസിലെ അന്വേഷണം തളർത്താൻ വെള്ളാപ്പള്ളി നടേശൻ പിണറായി വിജയൻ സർക്കാരിനെയും ബിജെപിയെയും ഒരേ സമയം സ്വാധീനിച്ചെന്ന് വി.എം. സുധീരൻ
Vellappally influenced Pinarayi, BJP: Sudheeran

വി.എം. സുധീരൻ

File

Updated on

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ഗുരുതര ആരോപണങ്ങളുമായി മുൻ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ. മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപെടാൻ വെള്ളാപ്പള്ളി അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെയും ഒപ്പം ബിജെപിയെയും ഒരേസമയം സ്വാധീനിച്ചെന്ന് സുധീരൻ.

മൈക്രോ ഫിനാൻസ് കേസിനു പിന്നിൽ സുധീരനാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അദ്ദേഹം തള്ളി. വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കേസിൽ അന്വേഷണം നടന്നതെന്ന് സുധീരൻ വ്യക്തമാക്കി. നിലവിൽ തളർന്നുപോയ ഈ കേസന്വേഷണം കൃത്യമായി മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്‍റെ പേരിൽ വരുന്ന നിയമനടപടികൾക്കും ശിക്ഷകൾക്കും തടയിടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ഇതിനായി ഒരു വശത്ത് പിണറായി വിജയൻ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിനെയും മറുവശത്ത് ബിജെപിയെയും അദ്ദേഹം മനോഹരമായി കൈകാര്യം ചെയ്തു. ഇരു സർക്കാരുകളെയും സ്വാധീനിച്ച് കുറ്റകൃത്യങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും സുധീരൻ കുറ്റപ്പെടുത്തി.

ശ്രീനാരായണ ഗുരുവിന്‍റെ ആദർശങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥമായ ഒരു പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലിരുന്ന് വെള്ളാപ്പള്ളി ഗുരുവിനോട് കടുത്ത നിന്ദയാണ് കാണിക്കുന്നതെന്ന് സുധീരൻ പറഞ്ഞു. ഗുരുവിന്‍റെ ആശയങ്ങൾക്ക് തീർത്തും വിരുദ്ധമായാണ് അദ്ദേഹത്തിന്‍റെ പ്രവർത്തനം.

രാഷ്ട്രീയ സമൂഹത്തെയും കേരളീയ പൊതുസമൂഹത്തെയും ഗുരുവിന്‍റെ ആദർശങ്ങളെയും ഇത്രയധികം കബളിപ്പിക്കുന്ന മറ്റൊരു വ്യക്തിയെ കാണാനാവില്ലെന്ന് സുധീരൻ കുറ്റപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com