കാട്ടാനകൾക്കു സുരക്ഷയൊരുക്കാൻ പുതിയ പരീക്ഷണവുമായി റെയ്‌ൽവേ

വാളയാർ മേഖലയിൽ 120 കിലോമീറ്റർ ദൂരം ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ചു
കാട്ടാനകൾക്കു സുരക്ഷയൊരുക്കാൻ പുതിയ പരീക്ഷണവുമായി റെയ്‌ൽവേ

ട്രെയ്ൻ ഇടിച്ചു ചരിഞ്ഞ കാട്ടാന

ഫയൽ ഫോട്ടോ

Updated on

കോയമ്പത്തൂർ: ട്രെയ്ൻ ഇടിച്ചു കാട്ടാനകൾക്ക് തുടർച്ചയായി അപകടമുണ്ടാകുന്ന കേരള - തമിഴ്നാട് അതിർത്തിയിലെ മധുക്കര വനമേഖലയിൽ മൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ചുള്ള പുതിയ സംവിധാനവുമായി റെയ്‌ൽവേ. ഇൻട്രുഷൻ ഡിറ്റക്‌ഷൻ സിസ്റ്റം അഥവാ ഐഡിഎസിനെ ആശ്രയിക്കാനാണു റെയ്‌ൽവേയുടെ തീരുമാനം.

ഇതിനായി പാലക്കാട് ജില്ലയിലെ കൊട്ടേക്കാട്- വാളയാർ ഭാഗത്തും കോയമ്പത്തൂർ ജില്ലയിലെ വാളയാർ- മധുക്കര ഭാഗത്തുമായി 120 കിലോമീറ്റർ നീളത്തിൽ റെയ്‌ൽപാതയുടെ വശങ്ങളിൽ ഭൂഗർഭ ഒഎഫ്സി കേബിളുകൾ സ്ഥാപിച്ചു.

ആനകൾ ഈ കേബിളുകൾക്കു മുകളിലൂടെ നടന്നാൽ പാലക്കാട്- മധുക്കര ഭാഗത്ത് 40 കിലോമീറ്ററിനുള്ളിൽ സ്റ്റേഷൻ മാനെജർമാർക്കും ലോക്കോ പൈലറ്റുമാർക്കും അതേനിമിഷം തന്നെ ജാഗ്രതാ നിർദേശമെത്തുന്നതാണ് ഐഡിഎസ് സംവിധാനം. ഇതോടെ, അപകടസാധ്യത മുന്നിൽക്കണ്ട് പൈലറ്റുമാർക്ക് ട്രെയ്‌നുകളുടെ വേഗം കുറയ്ക്കാനാകും. ആദ്യ ഘട്ടത്തിൽ ഐഡിഎസ് സന്ദേശം സ്വീകരിക്കാൻ ലോക്കോ പൈലറ്റുമാർക്ക് 50 ടാബുകൾ നൽകി.

പാളത്തിന്‍റെ ഇരുവശങ്ങളിലും 15- 20 മീറ്റർ അകലെയായി ഭൂനിരപ്പിൽ നിന്ന് ഒരു മീറ്റർ ആഴത്തിലാണു കേബിളുകൾ സ്ഥാപിച്ചിരിക്കുന്നത്. 20 കോടി രൂപ ഇതിനായി ചെലവഴിച്ചു. പൂർണമായും എഐ അധിഷ്ഠിത സംവിധാനമാണിതെന്ന് അധികൃതർ. ഇപ്പോൾ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. വൈകാതെ കമ്മിഷൻ ചെയ്യും.

ദക്ഷിണ റെയ്‌ൽവേയുടെ കീഴിലെ റെയ്‌ൽപാതകളിൽ കാട്ടാനകളുടെ സാന്നിധ്യം ഏറ്റവും കൂടുതലുള്ള മേഖലയാണു മധുക്കര. ആനകൾക്ക് അപകടമൊഴിവാക്കാൻ റെയ്‌ൽവേ അടിപ്പാതകളും ഉപയോഗശൂന്യമായ റെയ്‌ൽ പാളങ്ങൾ ഉപയോഗിച്ചുള്ള വേലികളും നിർമിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com