ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സമർപ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളി.
കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്‍റിനു മാത്രമേ കഴിയൂ എന്നും കേന്ദ്രസര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.
മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ അമ്മയുടെ അപേക്ഷ കിട്ടിതിനു ശേഷം ഒരാഴ്ചയ്ക്കകം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. പാസ്പോർട്ട് അടക്കമുള്ള രേഖകൾ കൈമാറാനും കോടതി നിർദേശിച്ചു. നിമിഷപ്രിയയുടെ ഹർജി നേരത്തെയും യെമൻ കോടതി തള്ളിയിരുന്നു.