
സനാ: യെമൻ പൗരനെ കൊന്നുവെന്ന കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന് റിപ്പോർട്ട്. ശിക്ഷ നടപ്പാക്കുന്നതിനായി പ്രോസിക‍്യൂട്ടർ നിർദേശം നൽകിയതായാണ് വിവരം.
2017 ജൂലൈയിൽ പാലക്കാട് സ്വദേശിയായ നിമിഷപ്രിയയും സുഹൃത്തും ചേർന്ന് യെമൻ പൗരനായ അബ്ദുമഹ്ദിയെ കൊന്നുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. വധശിക്ഷ റദ്ദാക്കുന്നതിനായുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഉത്തരവെത്തിയിരിക്കുന്നത്.
അതേസമയം 10 ലക്ഷം ഡോളർ നൽകാമെന്ന് യെമൻ പൗരന്‍റെ കുടുംബത്തെ അറിയിച്ചതായും ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനായുള്ള ശ്രമം തുടരുകയാണെന്നും യെമനിലെ മനുഷ‍്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു.