യുവ ഡോക്ടറുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്‍റെ പേരുണ്ടെന്നു പൊലീസ്, റിമാൻ‍ഡിൽ

വന്ദനാ ദാസ് കൊലപാതകത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളിലൂടെയും മാധ്യമശ്രദ്ധയാര്‍ജിച്ച നേതാവായിരുന്നു.
young doctor Suicide Ruwais on remand
young doctor Suicide Ruwais on remand
Updated on

തിരുവനന്തപുരം: മെഡിക്കൽ കോളെജിലെ യുവ ഡോക്റ്റർ എ.ജെ. ഷഹന ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളെജ് പിജി ഡോക്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റായിരുന്ന ഡോ. ഇ.എ. റുവൈസ് അഴിക്കുള്ളിൽ. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. റുവൈസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

രണ്ടാം വർഷ പിജി ഡോക്റ്ററായ ഷഹനയ്ക്ക് പ്രതി വിവാഹവാഗ്ദാനം നൽകിയതിനും, സ്ത്രീധനത്തിന്‍റെ പേരിൽ മാനസിക സംഘർഷത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ടതിനും ആത്മഹത്യാക്കുറിപ്പും വാട്സാപ്പും ചാറ്റുകളും ഉൾപ്പെടെ വ്യക്തമായ തെളിവുണ്ടെന്ന് മെഡിക്കൽ കോളെജ് പൊലീസ് ഇൻസ്‌പെക്റ്റർ പി. ഹരിലാൽ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം (ഐപിസി 306), സ്ത്രീധന നിരോധന നിയമത്തിലെ സെക്‌ഷൻ 4 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ റുവൈസിന്‍റെ വീട്ടുകാർക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷണം തുടങ്ങി.

സമരമുഖങ്ങളിൽ നായകന്‍, ഷഹാനയുടെ വില്ലന്‍

ഡോക്റ്റർ ഷഹനയുടെ പ്രതിശ്രുതവരന്‍ ഡോ. റുവൈസ് ഡോക്റ്റര്‍മാരുടെ അവകാശപ്പോരാട്ടങ്ങളിലൂടെയും വന്ദനാ ദാസ് കൊലപാതകത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളിലൂടെയും മാധ്യമശ്രദ്ധയാര്‍ജിച്ച നേതാവായിരുന്നു. ഡോക്റ്റർമാരുടെ സമരമുഖത്ത് സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രി വീണാ ജോർജിനുമെതിരേ കടുത്ത ഭാഷയിൽ പ്രതികരിച്ച ഡോ. റുവൈസിന്‍റെ ദൃശ്യങ്ങൾ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു.

സഹപ്രവർത്തകയുടെ മരണത്തിനെതിരേ ശക്തമായി പ്രതിഷേധം ഉയർത്തിയ ഡോ. റുവൈസ്, ആറു മാസങ്ങൾക്കിപ്പുറം മറ്റൊരു സഹപ്രവർത്തകയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും പ്രകാരം അറസ്റ്റിലായി. ഡോ. റുവൈസ് സ്വീകരിച്ച നിലപാടുകൾക്കെതിരേ സോഷ്യല്‍ മീഡിയകളിലടക്കം രൂക്ഷ വിമർശനം ഉയരുന്നുണ്ട്. പിജി ഡോക്റ്റര്‍മാരുടെ സംഘടന കെഎംപിജിഎയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്നു ഡോ റുവൈസ്.

ഐഎംഎ ഈ മാസം 10ന് ആലുവയില്‍ സംഘടിപ്പിക്കുന്ന ഡോക്റ്റര്‍മാരുടെ അവകാശലംഘനങ്ങള്‍ക്കെതിരായ പരിപാടിയില്‍ പ്രാസംഗികരുടെ കൂടെയും റുവൈസിന്‍റെ പേരുണ്ട്.

വലിയ തുക സ്ത്രീധനം ആവശ്യപ്പെടുന്ന തന്‍റെ പിതാവിന്‍റെ നിലപാടുകളെ പൂര്‍ണമായി പിന്തുണച്ച് ഷഹനയെ ഡോ റുവൈസ് നിരന്തരം ശല്യപ്പെടുത്തിയെന്ന് പൊലീസും ഷഹനയുടെ കുടുംബവും ചൂണ്ടിക്കാട്ടുന്നു. സ്ത്രീധനത്തിനായി റുവൈസ് സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. റുവൈസിന്‍റെ പിതാവാണ് വലിയ തുക സ്ത്രീധനം ചോദിച്ചത്. പണമാണ് തനിക്ക് വലുതെന്ന് റുവൈസ് ഷഹനയോട് പറഞ്ഞെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു. ഏറെ വൈകാരികമായാണ് ഷഹനയുടെ സഹോദരന്‍ ഇതുപറഞ്ഞത്. തന്‍റെ സഹോദരിയെ ഒന്ന് ആശ്വസിപ്പിക്കുക പോലും ചെയ്തില്ല. പകരം പണമാണ് തനിക്കും വലുതെന്ന് റുവൈസ് പറയുകയായിരുന്നെന്നും ഷഹനയുടെ കുടുംബം ആരോപിച്ചു.

പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞ വാക്കാണ് ഷഹനയെ ഏറെ വേദനിപ്പിച്ചതെന്ന് ഷഹനയുടെ സഹോദരന്‍ പറയുന്നു. വീട്ടുകാരുടെ സമ്മര്‍ദത്തെ മറികടന്ന് ഷഹനയെ വിവാഹം കഴിക്കാന്‍ റുവൈസ് ഒരുക്കമാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടെ നില്‍ക്കാമെന്നും ഷഹനയുടെ കുടുംബം പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com