
ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച സംഭവം; കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്
കൊച്ചി: പളളുരുത്തിയിൽ ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. പെൺസുഹൃത്തിന്‍റെ ഭർത്താവാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പെൺസുഹൃത്തിനും കൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്.
യുവാവിന് പരുക്കേറ്റ സ്ഥലത്ത് പൊലീസെത്തി തെളിവുകൾ ശേഖരിച്ചു. ചോരക്കറ പറ്റിയ ഷൂസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുമായുള്ള യുവാവിന്‍റെ ബന്ധത്തിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പോസ്റ്റ്‌മോർട്ടതിന് ശേഷം വിശദമായ അന്വേഷണത്തിനും ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുളളൂ. യുവാവിന്‍റെ പെൺസുഹൃത്തും ഭർത്താവും പൊലീസ് കസ്റ്റഡിയിലാണ്.
ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.