കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപം നായാട്ടിന് ഉപയോഗിക്കുന്ന തോക്ക്

സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ തോക്ക് അബദ്ധത്തിൽ പൊട്ടിയതാകാം മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
Hyder Ali

ഹൈദർ അലി

Updated on: 

കാസർഗോഡ്: യുവാവിനെ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ബോവിക്കാനം കാട്ടിപ്പള്ളത്ത് തിങ്കളാഴ്ച പുലർച്ചെ 12.10നാണ് സംഭവം.

കാട്ടിപ്പള്ളത്ത് കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. വീടിന് സമീപം അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ സുഹൃത്താണ് ഹൈദർ അലിയെ കണ്ടെത്തിയത്. സ്കൂട്ടറിൽ നിന്ന് വീണ് പരുക്കേറ്റതാകാമെന്ന് കരുതി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. തുടർന്ന് മുഖത്ത് വെടിയേറ്റ മുറിവ് കണ്ടെത്തുകയായിരുന്നു.

ഇതോടെ ഹൈദർ അലിയെ കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നായാട്ടിനായി ഉപയോഗിക്കുന്ന തോക്കും കണ്ടെടുത്തു. സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ തോക്ക് അബദ്ധത്തിൽ പൊട്ടിയതാകാം മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.

വിദേശത്തായിരുന്ന ഹൈദർ അലി അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. നായാട്ടിന് പോവുകയായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

അസ്വാഭാവിക മരണത്തിന് ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.