കൊല്ലത്ത് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു: പ്രതി കസ്റ്റഡിയിൽ
കൊല്ലം: ചിതറയിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. പ്രതി പൊലീസ് കസ്റ്റഡിയിൽ. നിലമേൽ വളയിടം സ്വദേശി ഇർഷാദാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇർഷാദിന്‍റെ സുഹൃത്തായ ചിതറ വിശ്വാസ് നഗര്‍ സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ സഹദിന്‍റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. അടൂർ ക്യാംപിലെ പൊലീസുകാരനാണ് കൊല്ലപ്പെട്ടത് ഇർഷാദ്. ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി നിലവിൽ ജോലിയിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലുള്ള ഇർഷാദിന്‍റെ സുഹൃത്ത് സഹദ് ലഹരി കേസിൽ പ്രതിയാണ്. സഹദിനെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. സഹദിന്‍റെ പിതാവ് അബ്ദുള്‍ സലാമാണ് മുറിക്കുള്ളില്‍ ഇര്‍ഷാദ് കൊല്ലപ്പെട്ട് കിടക്കുന്നത് ആദ്യം കണ്ടത്. ഒരാഴ്ചയായി ഇര്‍ഷാദ് സഹദിന്‍റെ വീട്ടില്‍ വന്ന് പോകുന്നത് പതിവായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.