പാലക്കാട് : കൊല്ലങ്കോടിൽ കാഴ്ചപരിമിതനായ ലോട്ടറിവിൽപ്പനത്തൊഴിലാളിയെ കബളിപ്പിച്ച് 50 രൂപയുടെ 90 ലോട്ടറിടിക്കറ്റുകളുമായി യുവാവ് മുങ്ങി. കൊല്ലങ്കോട് കുറ്റിപ്പാടം സ്വദേശി മണികണ്ഠന്‍റെ (58) കൈയിൽനിന്നാണ് അപരിചിതനായ യുവാവ് ടിക്കറ്റുകൾ കൈക്കലാക്കി മുങ്ങിയത്. ബുധനാഴ്ച രാവിലെ പത്തരയോടെ വടവന്നൂർ കൂത്തമ്പാക്ക് ചായക്കടയുടെ മുന്നിലാണ് തട്ടിപ്പുനടന്നത്. മണികണ്ഠൻ ടിക്കറ്റ് വിൽക്കുന്നതിനിടെയാണ് മറ്റൊരു ലോട്ടറി വിൽപ്പനക്കാരൻ എന്നപേരിൽ അപരിചിതനെത്തിയത്.
കൈയിൽ കുറേ ടിക്കറ്റുകളുമായി മണികണ്ഠന്‍റെ സമീപത്തെത്തിയ യുവാവ് ആദ്യം ബുധനാഴ്ച വൈകീട്ട് മൂന്നിന് നറുക്കെടുപ്പ് നടക്കാനിരുന്ന കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്‌റ്റിയുടെ രണ്ടുടിക്കറ്റുകൾ വാങ്ങുകയും നൂറുരൂപ നൽകുകയും ചെയ്തു. പിന്നീട് അപരിചിതൻ തന്‍റെ കൈവശമുള്ള ഫിഫ്റ്റി-ഫിഫ്‌റ്റിയുടെ രണ്ടുടിക്കറ്റുകൾ മണികണ്ഠന് നൽകി പകരം മണികണ്ഠന്‍റെ കൈയിൽനിന്ന് ഇതേ ലോട്ടറിയുടെ രണ്ടു ടിക്കറ്റുകൾ മാറ്റക്കച്ചവടമായി വാങ്ങുകയുംചെയ്തു. ഇതിനിടെ, ഭാഗ്യനമ്പർ നോക്കാനെന്ന പേരിൽ മണികണ്ഠന്‍റെ കൈയിലുണ്ടായിരുന്ന ഫിഫ്‌റ്റി-ഫിഫ്റ്റിയുടെ ടിക്കറ്റ് കെട്ട് ടിക്കറ്റുകൾ മണികണ്ഠന് മടക്കിനൽകി.
ഒരു കണ്ണിന് പൂർണമായും കാഴ്ചയില്ലാത്ത മണികണ്ഠൻ അപരിചിതൻ തിരിച്ചുനൽകിയ കെട്ടുമായി സൈക്കിളിൽ വിൽപ്പനയ്ക്കായി യാത്രതുടർന്നു. ഇടയ്ക്ക് ഒരാൾക്ക് രണ്ടു ടിക്കറ്റുകൾ വിറ്റപ്പോഴാണ് കൈയിലുള്ള ടിക്കറ്റുകൾ മൊത്തം ഈ മാസം 13-ന് നറുക്കെടുപ്പ് കഴിഞ്ഞ നിർമൽ ടിക്കറ്റുകളാണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ സൈക്കിളിൽ ആലമ്പള്ളം ഭാഗംവരെയും വടവന്നൂർ ഭാഗംവരെയുമെല്ലാം യുവാവിനെ തേടി മണികണ്ഠൻ പോയെങ്കിലും ഇതിനകം യുവാവ് കടന്നുകളഞ്ഞിരുന്നു. മാറ്റക്കച്ചവടം വഴി അപരിചിതൻ നൽകിയ രണ്ടു ടിക്കറ്റുകളുടെ പുറകിൽ ചിറ്റൂരിലെ ഒരു ഏജൻസിയുടെ സീലാണുള്ളതെന്ന് മണികണ്ഠൻ പറഞ്ഞു.
അതുകൊണ്ടുതന്നെ ഇത് വ്യാജടിക്കറ്റുകളാണോ എന്ന സംശയവുമുയർന്നിട്ടുണ്ട്. അമ്പതുവയസ്സോളമുള്ള, മുണ്ടും ഷർട്ടും ധരിച്ച് കറുത്തനിറമുള്ള സ്കൂട്ടറിലെത്തിയ ആളാണ് തന്നെ കബളിപ്പിച്ചതെന്ന് മണികണ്ഠൻ പറയുന്നു. കഴിഞ്ഞ ആറുവർഷമായി ലോട്ടറി വിറ്റാണ് ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന മണികണ്ഠന്‍റെ കുടുംബം ഉപജീവനം കഴിച്ചുവരുന്നത്. കൊല്ലങ്കോട് പോലീസിൽ മണികണ്ഠൻ പരാതി നൽകിയിട്ടുണ്ട്.