തിരുവനന്തപുരം: മുഖ‍്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ഡിജിപിക്ക് പരാതി നൽകി. മുഖ‍്യമന്ത്രിയുടെ പേരിൽ ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖം വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്നതാണെന്നും ഒരു ദേശത്തെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയിൽ പറയുന്നു.
അഭിമുഖത്തിലെ പരാമർങ്ങൾ തന്‍റെതല്ലെന്ന് വ‍്യക്തമാക്കി മുഖ‍്യമന്ത്രി മുന്നോട്ട് വന്നിരുന്നു. കൂടാതെ മുഖ‍്യമന്ത്രി പറയാത്ത കാര‍്യങ്ങൾ അഭിമുഖത്തിൽ ചേർത്തിട്ടുണ്ടെന്നും ഹിന്ദു പത്രം വിശദീകരണം നൽകിയിരുന്നു. ഈ സാഹചര‍്യത്തിൽ അഭിമുഖം തയ്യാറാക്കിയ പിആർ ഏജൻസി എംഡി, ഹിന്ദു പത്രം എഡിറ്റർ, ഹിന്ദു പത്രം ഡെപ‍്യൂട്ടി എഡിറ്റർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് ആണ് പരാതി നൽകിയത്.
മുഖ‍്യമന്ത്രിയുടെ അഭിമുഖം സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. തെറ്റിദ്ധാരണകൽക്കും അക്രമങ്ങൾക്കും കാരണക്കാരായ മുഖ‍്യമന്ത്രിക്കും ഹിന്ദു പത്രത്തിനും പിആർ ഏജൻസിക്കുമെതിരെ കേസടെുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. അബിൻ വർക്കിയും പരാതി നൽകി.
മുസ്ലിങ്ങൾ കൂടുതലുള്ള ജില്ലയാണ് മലപ്പുറമെന്നും ജില്ലയിൽ ന‍്യൂനപക്ഷങ്ങൾക്കെതിരായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾക്ക് ആക്കം കൂട്ടുന്ന പ്രസ്താവനകളാണ് മുഖ‍്യമന്ത്രിയുടെ ഭാഗത്തു നിന്നുമുണ്ടായതെന്നും ഒരു പി.ആര്‍. ഏജന്‍സിയുടെ സഹായത്തോടെ കേരളത്തില്‍ വിദ്വേഷപ്രചാരണം നടത്തി വര്‍ഗീയധ്രുവീകരണത്തിനാണോ ശ്രമിക്കുന്നത് എന്ന സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പരാതി നല്‍കിയിരിക്കുന്നത്.