തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർരക്ക നേരെ പൊലീസ് ലാത്തി വീശി. ജല പീരങ്കി പ്രയോഗിച്ചു. നിലത്തു വീണ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലിയെന്ന് ആരോപണം ഉയർന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിക്ക് തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.
7 പ്രാവശ്യം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിന്‍റെ കണ്ണിനു പരുക്കേറ്റു. ഡിവൈഎഫ്ഐക്കാരനായ എസ്ഐയാണ് പ്രശ്നമുണ്ടാക്കിയതെന്ന് അബിന്‍ വർക്കി ആരോപിച്ചു. സമരം നടക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപ്, യൂത്ത് കോൺഗ്രസുകാർക്ക് മർദനമേൽക്കുമെന്ന് പി.വി.അൻവർ എംഎൽഎ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഡിവൈഎഫ്ഐ, സിപിഎം നേതാക്കളുടെ നിർദേശം അനുസരിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്നും നേതാക്കൾ പറഞ്ഞു.കന്റോൺമെന്റ് സിഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്.